ജയിലില്‍ ജോലി വാഗ്ദാനം നൽകി 1.46 ലക്ഷം തട്ടിയതായി പരാതി
1533884
Monday, March 17, 2025 6:52 AM IST
വലിയതുറ: ജയിലില്‍ ജോലി വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്കി 1.46 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിനു സമീപം ഹോട്ടല്‍ നടത്തുന്ന മലപ്പുറം സ്വദേശിനി ജമീലയുടെ പണമാണ് നഷ്ടമായത്.
ഇവര്‍ നല്കിയ പരാതിയില്‍ പാലക്കാട് സ്വദേശി മുഹമ്മദ് അലി , അലി ചക്കളയ്ക്കല് എന്നിവരെ പ്രതികളാക്കി വലിയതുറ പോലീസ് കേസെടുത്തു.
സബ് ജയിലില്‍ ജമീലയ്ക്ക് ഷെഫ് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022 ഏപ്രില്‍ ആറ് മുതല്‍ 2023 ഒക്ടോബര്‍ 10 വരെ പല സന്ദര്‍ഭങ്ങളിലായി പണം വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്.
മുഹമ്മദ് അലി നിയമസഭയിലെ താല്‍ക്കാലിക ജീവനക്കാരനായിരുന്നുവെന്ന് ജമീല പറയുന്നു. നിയമസഭയിലെ വാഹനങ്ങളില്‍ പതിവായി ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്ന മുഹമമദ് അലി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് മൊത്തം 2.5 ലക്ഷം രൂപ വാങ്ങിയതായും ജോലി ലഭിക്കാതെ വന്നപ്പോള്‍ ജമീല പണം തിരികെ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല.
തുടര്‍ന്ന് 2023 ഒക്ടോബറില്‍ വലിയതുറ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് പലപ്പോഴായി ഒരു ലക്ഷം രൂപ തിരികെ വാങ്ങി നല്‍കിയതായും പറയുന്നു. ബാക്കി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വീണ്ടും പരാതി നല്‍കിയത്.