കാൽപ്പന്തിനെ സ്നേഹിച്ച ഗോപാലകൃഷ്ണന് ആദരാഞ്ജലി
1533876
Monday, March 17, 2025 6:41 AM IST
ചവറ: കാൽപ്പന്തിനെ ജീവിത ഭാഗമാക്കിയ കാൽപ്പന്ത് സ്നേഹിയും താരവുമായ ഗോപാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കാൽപ്പന്തു സ്നേഹികൾ. കഴിഞ്ഞ ദിവസം അന്തരിച്ച ഫുട്ബോൾ താരവും മനയിൽ ഫുട്ബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായ നടുവിലക്കര മുടിയിൽ തെക്കതിൽ ഗോപാലകൃഷ്ണനെ (55)യാണ് മനയിൽ ഫുട്ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ അനുസ്മരിച്ചത്.
മരം മുറിക്കൽ തൊഴിലാളിയായിരുന്ന ഗോപാലക്യഷ്ണൻ മരത്തിൽ നിന്ന് വീണാണ് മരിച്ചത്. ദിവസവും കളിക്കാർക്കൊപ്പവും സെവൻസ് ടൂർണമെന്റുകളിലും സജീവമായിരുന്നു.
അനുസ്മരണ യോഗം ജില്ലാ പഞ്ചായത്തംഗം സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മനയിൽ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് പന്മന മഞ്ജേഷ് അധ്യക്ഷനായി. ശ്രീവിദ്യാധിരാജ ഗ്രന്ഥശാല പ്രസിഡന്റ് എ.കെ. ആനന്ദ് കുമാർ, സി. മനോജ് കുമാർ, സി. രഘു, പരിശീലകരായ പ്രദീപ് ശങ്കരമംഗലം, സൽമാൻ പടപ്പനാൽ, അൻവർ സാദത്ത്, പ്രമോദ്, നിസാം , വിനോദ് വിജയ്, നിസാ സനം, ശ്രീകാന്ത്, സാബുലാൽ, എൽ.പി. ജിനേഷ് എന്നിവർ പങ്കെടുത്തു.