പുറ്റിംഗൽ ദുരന്തം: മരിച്ച പ്രതികളെ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി
1533542
Sunday, March 16, 2025 6:23 AM IST
കൊല്ലം: പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ മരിച്ച 13 പ്രതികൾക്ക് എതിരായ കുറ്റപത്രം കോടതി ഒഴിവാക്കി. കൊല്ലം നാലാം അഡീഷണൽ സിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് എസ്. സുഭാഷ് മുന്പാകെയാണ് ഇന്നലെ കേസ് പരിഗണിച്ചത്.
മരിച്ച പ്രതികളുടെ മരണ സർട്ടിഫിക്കറ്റ് കഴിഞ്ഞ തവണത്തെ സിറ്റിംഗിൽ ഹാജരാക്കിയിരുന്നു. ഇതേ തുടർന്നാണ് നടപടി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ 35 പ്രതികൾ ഹാജരായി. ഹാജരാകാത്ത 10 പ്രതികൾക്ക് വേണ്ടി അഭിഭാഷകർ അവധിക്ക് അപേക്ഷ നൽകി. 30 -ാം പ്രതി പത്തനംതിട്ട അടൂർ സ്വദേശി അനുരാജ് ഒളിവിലാണ്.
ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടെങ്കിലും പിടികൂടാൻ സാധിക്കുന്നില്ലെന്ന് പോലീസ് റിപ്പോർട്ട് നൽകി. ഇയാൾക്ക് ജാമ്യം നിന്നവർക്ക് എതിരേ നടപടിക്ക് കോടതി നിർദേശം നൽകിയെങ്കിലും അവരുടെ അഭിഭാഷകൻ സാവകാശം ആവശ്യപ്പെട്ടിരിക്കുകയാണ്.
ജാമ്യക്കാർക്ക് പിഴത്തുക നിശ്ചയിക്കുന്നത് അടക്കമുള്ള തുടർ നടപടികൾക്കായി കേസ് പരിഗണിക്കുന്നത് 26 ലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബാർ, അഡ്വ.അമ്പിളി ജബാർ എന്നിവർ കോടതിയിൽ ഹാജരായി.