അഷ്ടമുടിക്കായൽ മലിനീകരണം തടയാൻ നിർമലതീരം പദ്ധതിക്ക് തുടക്കമായി
1533885
Monday, March 17, 2025 6:52 AM IST
കുണ്ടറ: അഷ്ടമുടിക്കായൽ മലിനീകരണം തടയാനായി പേരയം പഞ്ചായത്ത് ശുചിത്വ മിഷനുമായി ചേർന്ന് നടപ്പാക്കുന്ന നിർമല തീരം പദ്ധതി എൻ.കെ. പ്രേമചന്ദ്രൻ എംപി പേരയം പതിനാലാം വാർഡിലെ കൈതമുനമ്പ് കടവിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അനീഷ് പടപ്പക്കര അധ്യക്ഷത വഹിച്ചു. കായലിലേക്ക് ശുചിമുറി മാലിന്യങ്ങൾ ഒഴുക്കുന്നത് തടയുകയും ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്യുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്.
അഷ്ടമുടി കായലുമായി അതിർത്തി പങ്കിടുന്ന പഞ്ചായത്തിലെ 10 വാർഡുകളിലാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന ശുചിത്വ മിഷനിൽ നിന്നുള്ള 99 ലക്ഷം ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ 205 ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും.
പ്രതിരോധ വകുപ്പിന്റെ അംഗീകാരമുള്ള ഹൈദരാബാദ് ആസ്ഥാനമായ ബംഗ ബയോ ലൂ ലിമിറ്റഡ് കമ്പനിക്കാണ് നിർമാണ ചുമതല. ചടങ്ങിൽ പഞ്ചായത്തിലെ 14 വാർഡുകളിലെ ഹരിത കർമസേന അംഗങ്ങൾക്കുള്ള ട്രോളികൾ എംപി വിതരണം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ വിനോദ് പാപ്പച്ചൻ, പഞ്ചായത്ത് അംഗങ്ങളായ ബി. സുരേഷ്, രജിത, ലത ബിജു, വൈ. ചെറുപുഷ്പം, പഞ്ചായത്ത് സെക്രട്ടറി എം.ജി. ബിനോയ്, വിഇഒ മാരായ നവീൻ, സുമേഷ് എന്നിവർ പ്രസംഗിച്ചു.