പുനലൂർ നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം
1533513
Sunday, March 16, 2025 6:14 AM IST
പുനലൂർ: ശ്രീരാമവർമപുരം മാർക്കറ്റിൽ നവീകരണ ഭാഗമായി നിലവിലുള്ള കച്ചവടക്കാരെ കുടിയൊഴിപ്പിക്കുന്ന വിഷയവുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷ വാക്കേറ്റം.
സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖാന്തരം നടപ്പിലാക്കുന്ന ആധുനിക മത്സ്യ മാർക്കറ്റ് നിർമാണത്തിന്റെ കരാർ നടപടികൾ പൂർത്തിയാക്കിയതായും പഴയ നിർമിതികൾ പൊളിച്ചു മാറ്റി മാത്രമേ പുതിയ നിർമാണം ആരംഭിക്കാൻ കഴിയുകയുളളൂവെന്നും നിലവിലുള്ള കച്ചവടക്കാർ ഒഴിയാത്ത സാഹചര്യത്തിൽ അവരെ നീക്കം ചെയ്ത് നിർമാണ പ്രവർത്തികൾ ആരംഭിക്കുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടിയുള്ള അജണ്ടയാണ് കൗൺസിലിന്റെ പരിഗണനയ്ക്ക് വന്നത്.
എന്നാൽ മാർക്കറ്റിൽ നിലവില് പൊളിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള 95 കടമുറികളിലെ കച്ചവടക്കാർക്ക് താൽക്കാലിക പുനരധിവാസം ഉറപ്പാക്കണം എന്നും കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിടുന്ന നിലയിലേക്ക് പോകരുതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി .ജയപ്രകാശ് ആവശ്യപ്പെട്ടു.
95 കടമുറികൾ പൊളിക്കുന്നതിനായി നിശ്ചയിച്ചിട്ടുണ്ടെങ്കിലും വാടക കുടിശിക വരുത്തിയിട്ടില്ലാത്ത 23 കടകൾ മാത്രമേ ഉള്ളൂ . അതിൽ തന്നെ 13 കടകൾ മാത്രമാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അവരിൽ പലരും സ്വന്തം നിലയിൽ പുനരധിവാസം സാധ്യമാക്കിയിട്ടുണ്ടെന്നും വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ മറുപടി പറഞ്ഞു.
നിർമാണ കാലാവധിയായി നിശ്ചയിച്ചിട്ടുള്ള രണ്ടു വർഷം കഴിയുമ്പോൾ കടമുറികൾ ലേലം ചെയ്യുന്ന അവസരത്തിൽ ആർക്കൊക്കെ വീണ്ടും ലഭ്യമാക്കും എന്ന വിവരം കൗൺസിലിൽ അറിയിക്കണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു.
ഒന്നിലധികം മുറികൾ പലരും കൈവശം വെച്ചിട്ടുണ്ടെങ്കിലും അവർക്ക് ഒരു കടമുറി മാത്രമേ പിന്നീട് ലഭ്യമാക്കാൻ കഴിയുള്ളൂ എന്നു ഭരണപക്ഷം മറുപടി പറഞ്ഞു. നിലവിലുള്ള കച്ചവടക്കാർക്ക് പിന്നീട് കടമുറികൾ ഉറപ്പുവരുത്തുന്ന കാര്യം കൗൺസിലിൽ രേഖപ്പെടുത്തുന്നത് സംബന്ധിച്ച് ഇരുപക്ഷവും തമ്മിൽ വലിയതോതിൽ വാക്കേറ്റം നടക്കുകയുണ്ടായി.
നഗരസഭയുടെ അംഗീകൃത ബങ്കുകൾ ആയിരുന്ന 297 പെട്ടിക്കടക്കാരെ ഒഴിപ്പിച്ചപ്പോഴും ചൗക്ക റോഡിലും പഴയ പ്രൈവറ്റ് ബസ് സ്റ്റേഷൻ കെട്ടിടത്തിലും നിലവിലുള്ള കച്ചവടക്കാരെ ഇറക്കിവിട്ട ശേഷം അവരെ വഴിയാധാരമാക്കിയ സംഭവം ഓർമപ്പെടുത്തി കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ ഭരണപക്ഷത്തിന്റെ വാദത്തെ ഖണ്ഡിച്ചത്.
മണിക്കൂറുകൾ നീണ്ടുനിന്ന വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടുകൂടി മാർക്കറ്റിലെ നിലവിലുള്ള ബി ബ്ലോക്കിലെ 13 കടമുറികളും, ബി ഓപ്പൺ സ്റ്റാളിലെ 54 കടമുറികളും, സി ബ്ലോക്കിലെഎട്ട് കടമുറികളും, ഡി ബ്ലോക്കിലെ 10 കടമുറികളും, ഇ ബ്ലോഗിലെ 10 കടമുറികളും കച്ചവടക്കാരെ ഒഴിവാക്കി പൊളിച്ചു മാറ്റുന്നതിന് കൗൺസിൽ തീരുമാനമെടുത്തു.