സംഭരിച്ച തേനിന്റെ പണം നൽകാതെ ഹോർട്ടികോർപ്പ്
1533520
Sunday, March 16, 2025 6:14 AM IST
തിരുവനന്തപുരം: തേനീച്ച കർഷകർ നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ സർക്കാർ ഇടപെടണമെന്ന് തേനീച്ച കർഷകരുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇൻഡിജിനസ് എപ്പികൾച്ചറിസ്റ്റ്സ് സംസ്ഥാന നിർവാഹക സമിതി.
2024 ഫെബ്രുവരി- മാർച്ചിൽ തേനീച്ച കർഷകരുടെ നോഡൽ ഏജൻസിയായ ഹോർട്ടികോർപ്പ് കർഷകരിൽ നിന്നും സംഭരിച്ച തേനിന്റെ വില നാളിതുവരെ വിതരണം ചെയ്തിട്ടില്ല.
കർഷകർ വിളിക്കുന്പോൾ ഹോർട്ടി കോർപ്പ് മാനേജിംഗ് ഡയറക്ടറുടെ ഫോണ് എടുക്കാതെ വോയിസ് മെസേജിലേക്ക് പോകുന്നതായി ആക്ഷേപമുണ്ട്. തേൻ ശേഖരിച്ച മാവേലിക്കര റീജിയണൽ മനേജരും ഒരു വർഷമായി കർഷകർക്ക് ലഭിക്കേണ്ട തുക വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുന്നില്ലെന്നും കർഷകരുടെ പരാതിയിൽ പറയുന്നു.
തേനിന് താങ്ങുവില നിശ്ചയിക്കണമെന്ന കർഷകരുടെ ആവശ്യവും നാളിതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ഈ പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ കർഷകർ സമരപരിപാടികൾ ആരംഭിക്കാൻ നിർബന്ധിതരാകും.
തേനീച്ച കർഷകരുടെ അടിയന്തിര ആവശ്യമായ തേനീച്ച കൃഷിയെ വിളപരിരക്ഷയിൽ ഉൾപ്പെടുത്താനുള്ള ഫിയയുടെ നിവേദനം വർഷങ്ങളായി പരിഗണിക്കാതിരിക്കുന്നതിൽ ഫെഡറേഷൻ ഉത്കണ്ഠ രേഖപ്പെടുത്തി.
ഫിയ പ്രസിഡന്റ് കെ.കെ. തോമസ് അധ്യക്ഷത വഹിച്ച സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ ഡോ.ടി.പി. രാജേന്ദ്രൻ, എ.അബ്ദുൾ കലാം, ഡോ. സ്റ്റീഫൻ ദേവനേശൻ, എസ്.എ. ജോണ്, കെ.ജി.നായർ, ഷാജി സി.വർക്കി, ബിജു സെബാസ്റ്റ്യൻ, ബി. രവീന്ദ്രൻ നായർ എന്നിവർ പ്രസംഗിച്ചു.