കേരളം മയക്ക് മരുന്നു ലോബിയുടെ തടവറ: ആര്. ചന്ദ്രശേഖരന്
1533546
Sunday, March 16, 2025 6:23 AM IST
കൊല്ലം: ഇടതു മുന്നണിയുടെ തുടര്‍ഭരണം കേരളത്തെ മയക്ക് മരുന്നു ലോബിയുടെ തടവറയാക്കി മാറ്റിയെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്. ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരിക്ക് അടിപ്പെട്ട് രക്തബന്ധങ്ങള്‍ പോലും തിരിച്ചറിയാതെ രക്ഷകര്‍ത്താക്കളെയും സഹോദരങ്ങളെയും കൊലപ്പെടുത്തുന്ന അവസ്ഥയില്‍ കേരളം മാറിയിരിക്കുന്നു. കോളജ് ഹോസ്റ്റലില്‍ കിലോ കണക്കിന് കഞ്ചാവും തൂക്കി വില്‍ക്കാനുള്ള ത്രാസും കണ്ടെത്തിയെന്ന വാര്‍ത്തയില്‍ കേരളം ഞെട്ടിത്തരിച്ച് നില്ക്കുന്നു.
എസ്എഫ്ഐയും ഡിവൈഎഫ്ഐയും ലഹരി വ്യാപന ഡീലര്‍മാരായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പരിപാടിയുടെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ജില്ലാ പ്രസിഡന്റ് എ.കെ. ഹഫീസ് അധ്യക്ഷത വഹിച്ചു.
എച്ച്. അബ്ദുല്‍ റഹുമാന്‍, വടക്കേവിള ശശി, അന്‍സര്‍ അസീസ്, എസ്.നാസറുദ്ദീന്‍, ബി. ശങ്കരനാരായണപിള്ള, കോതേത്ത് ഭാസുരന്‍, ഒ.ബി. രാജേഷ്, കെ.ജി. തുളസീധരന്‍, പനയം സജീവ്, എം. നൗഷാദ്, പെരിനാട് മുരളി, കാര്‍ത്തിക് ശശി തുടങ്ങിയവർ പ്രസംഗിച്ചു.