ധാതുമണലിനായുള്ള കടൽകൊള്ള അനുവദിക്കില്ല: ടി.ജെ. ആഞ്ചലോസ്
1533512
Sunday, March 16, 2025 6:14 AM IST
കൊല്ലം: ധാതുമണൽ ലക്ഷ്യം വച്ചുള്ള കടൽകൊള്ള അനുവദിക്കില്ലെന്ന് എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി.ജെ. ആഞ്ചലോസ്. കടല്‍ മണല്‍ ഖനനത്തിനെതിരെ സിപിഐയുടെ നേതൃത്വത്തില്‍ വാടി ഹാർബറിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധാതുമണൽ ലക്ഷ്യം വച്ചുകൊണ്ടുള്ള ആഴകടൽ മണൽ ഖനനം വഴി നാടുനേരിടാൻ പോകുന്നത് വലിയ പാരിസ്ഥിതിക ദുരന്തവും കടൽ കൊള്ളയും ആയിരിക്കും.ധാതുമണൽ കൂടുതലുള്ള തീര ഭാഗവും ഖനനത്തിന്റെ ഭാഗമാക്കി മാറ്റി ചൂഷണം നടത്താനാണ് സ്വകാര്യ കമ്പനികൾ ലക്ഷ്യം വയ്ക്കുന്നത്.
കേരളതീരം മത്സ്യ സമ്പത്തിനാൽ സമ്പുഷ്ടമാണ്. ആ തീരങ്ങളാണ് കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാൻ കേന്ദ്ര ഭരണകൂടം തിടുക്കം കാട്ടുന്നത്. കടൽ മത്സ്യങ്ങൾ തുച്ഛമായ വിലയ്ക്ക് സാധാരണ മനുഷ്യന് കിട്ടുന്ന പോഷക സമൃദ്ധമായ ഭക്ഷണം കൂടിയാണ്.
മത്സ്യസമ്പത്തും മത്സ്യബന്ധന മേഖലയും അനുബന്ധ തൊഴിലിടങ്ങളും കേന്ദ്രസർക്കാരിന്റെ ആഴക്കടൽ മണൽ ഖനന അനുമതികൊണ്ട് ഇല്ലാതാകും. കടലിനെ ആശ്രയിക്കുന്ന അനവധി കുടുംബങ്ങളാണ് ജനവിരുദ്ധ നയത്തിന്റെ കെടുതിയിൽ അകപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി പി.എസ്. സുപാൽ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറിമാരായ അഡ്വ. സാം കെ. ഡാനിയേൽ, അഡ്വ. എം.എസ്. താര, സംസ്ഥാന കൗൺസിൽ അംഗങ്ങളായ അഡ്വ. ജി.ലാലു, ജി. ബാബു, ഡോ. ആർ. ലതാദേവി, അഡ്വ. എസ്.വേണുഗോപാൽ, മേയർ ഹണി ബെഞ്ചമിൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, ജില്ലാ കൗൺസിലംഗം അഡ്വ. വിനീത വിൻസെന്റ്, പള്ളിത്തോട്ടം വാർഡ് കൗൺസിലർ ടോമി, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ.വിജയകുമാർ എന്നിവർ പ്രസംഗിച്ചു.
കൊച്ചുപിലാമൂട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ. ഷിഹാബ്, സി .അജയ് പ്രസാദ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി ടി.എസ്. നിതീഷ്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശൻ, സിപിഐ മണ്ഡലം സെക്രട്ടറിമാരായ അനിൽ പുത്തേഴം, കൃഷ്ണകുമാർ, എ. ബിജു, ദിലീപ് കുമാർ, ഡി. സുകേശൻ തുടങ്ങിയവർ നേതൃത്വം നൽകി.