താലൂക്ക് ആശുപത്രിക്കെതിരേയുള്ള ആക്രമണം അവസാനിപ്പിക്കണം:: കെ. പുഷ്പലത
1533516
Sunday, March 16, 2025 6:14 AM IST
പുനലൂര്‍: താലൂക്ക് ആശുപത്രിയ്ക്കെതിരെയുള്ള സംഘടിത ആക്രമണം അവസാനിപ്പിക്കണമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ക്ക് പ്രധാന ആശ്രയമായ താലൂക്ക് ആശുപത്രിയ്ക്കെതിരെ നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ നിരത്താന്‍ ശ്രമിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ചെയര്‍പേഴ്സണ്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രികളില്‍ പ്രധാനപ്പെട്ടതാണ് പുനലൂരിലേത്. ജില്ലാ ആശുപത്രി കഴിഞ്ഞാല്‍ ജില്ലയിലെ ഏറ്റവും മികച്ച ആതുരാലയമാണിത്. താലൂക്ക് ആശുപത്രികള്‍ക്ക് അനുവദനീയമായ തസ്തികകളുടെ ഇരട്ടി ജീവനക്കാരാണ് നിലവില്‍ ഇവിടെ ജോലി ചെയ്യുന്നത്. അനുവദനീയ തസ്തികകള്‍ക്ക് പുറമേ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിന് വേണ്ടി ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ ചെലവില്‍ ഡോക്ടര്മാരെയടക്കമുള്ള ജീവനക്കാരെ താത്കാലികമായി നിയമിക്കുന്നു.
സംസ്ഥാന സര്‍ക്കാരും നഗരസഭയും കോടിക്കണക്കിന് രൂപയാണ് താലൂക്ക് ആശുപത്രിയ്ക്ക് വേണ്ടി ചെലവഴിച്ചിട്ടുള്ളത്. രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്കുന്ന പാഥേയം പോലെയുള്ള പദ്ധതിയ്ക്ക് വര്‍ഷം തോറും നഗരസഭ തുക ചെലവഴിക്കുന്നുണ്ട്. കൂടാതെ താലൂക്ക് ആശുപത്രിയിലെ എല്ലാ വിധത്തിലുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ വാര്‍ഷിക പദ്ധതിയില്‍ തുക വകയിരുത്തുന്നു.
ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. ആവശ്യമായ നിയമനങ്ങളെല്ലാം എച്ച്എംസിയുടെ അംഗീകാരത്തോടെയാണ് നടപ്പിലാക്കുന്നത്. ആശുപത്രിയുടെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയപൂണ്ടവര്‍ നിലവാരമില്ലാത്ത രാഷ്ട്രീയം കളിക്കുകയാണ്.
തുടര്‍ന്നും ഇത്തരം നാടകങ്ങള്‍ തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതികരിക്കുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ. പുഷ്പലത പത്രക്കുറിപ്പിലൂടെ അറിയിച്ചു.