കാത്തിരിപ്പ് തീരുമോ..? കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നടപ്പാലത്തിന് അഞ്ചരക്കോടി
1495913
Friday, January 17, 2025 1:04 AM IST
കാഞ്ഞങ്ങാട്: കഴിഞ്ഞ സെപ്റ്റംബറിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം നടന്ന കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന്റെ വടക്കുവശത്ത് നടപ്പാലത്തിനായുള്ള കാത്തിരിപ്പ് തീരാൻ വഴിയൊരുങ്ങുന്നു. ഇവിടെ എസ്കലേറ്ററോടുകൂടിയ നടപ്പാലം നിർമിക്കാൻ അഞ്ചരക്കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി റെയിൽവേയുടെ പാലക്കാട് ഡിവിഷൻ ഓഫീസിൽനിന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്ക് സമർപ്പിച്ചു. ഇതിന് ദക്ഷിണ റെയിൽവേയുടെയും റെയിൽവേ ബോർഡിന്റെയും അനുമതി ലഭിച്ചാൽ അധികം താമസിയാതെ ടെൻഡർ വിളിച്ച് പ്രവൃത്തി തുടങ്ങാൻ കഴിയും.
ഇതോടൊപ്പം റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന്റെ നവീകരണം, ഓവുചാലുകൾ, പ്ലാറ്റ്ഫോമുകളുടെ എല്ലാ ഭാഗങ്ങളിലും മേൽക്കൂര, പാർക്കിംഗ് സംവിധാനം എന്നിവ ഉൾപ്പെടുത്തി ഒമ്പതര കോടി രൂപയുടെ മറ്റൊരു പദ്ധതിക്കും എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ടുണ്ട്.
സ്റ്റേഷന്റെ തെക്കുഭാഗത്ത് വിശാലമായ പുതിയ പാർക്കിംഗ് ഗ്രൗണ്ടിന്റെ നിർമാണം അവസാനഘട്ടത്തിലാണ്. ഇത് പൂർത്തിയായി തുറന്നുകൊടുത്താലുടൻ വടക്കുഭാഗത്ത് നടപ്പാലത്തിന്റെ പണി തുടങ്ങാനാവുന്ന വിധത്തിലാണ് എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിരിക്കുന്നത്. വടക്കുഭാഗത്ത് നിലവിലുള്ള പാർക്കിംഗ് ഗ്രൗണ്ടിന്റെ ഒരു ഭാഗം കൂടി ഉൾപ്പെടുത്തിയാണ് നടപ്പാലം നിർമിക്കാൻ ഉദ്ദേശിക്കുന്നത്.
റെയിൽവേ സ്റ്റേഷനിലെ യാത്രക്കാർക്കൊപ്പം സ്റ്റേഷന്റെ ഇരുവശങ്ങളിലേക്കും പോകുന്ന കാൽനടയാത്രക്കാർക്കും നടപ്പാലം ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. ഇതേ രീതിയിൽ സ്റ്റേഷന്റെ തെക്കുവശത്തും നടപ്പാലം നിർമിക്കണമെന്ന ആവശ്യമുണ്ടെങ്കിലും അതിന് നഗരസഭ ചെലവു വഹിക്കുകയാണെങ്കിൽ പരിഗണിക്കാമെന്നാണ് റെയിൽവേയുടെ നിലപാട്. വടക്കുഭാഗത്ത് നിർമിക്കുന്ന നടപ്പാലത്തിന് തുടർച്ചയായി കാഞ്ഞങ്ങാട് ടൗണുമായി നേരിട്ട് ബന്ധപ്പെടുത്താവുന്ന തരത്തിൽ അര കിലോമീറ്ററോളം നീളത്തിൽ നടപ്പാലം നിർമിക്കണമെന്ന ആവശ്യവും നഗരസഭയുടെ പരിഗണനയിലാണ്.