നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
1495535
Wednesday, January 15, 2025 10:36 PM IST
മഞ്ചേശ്വരം: നിർത്തിയിട്ട ടിപ്പർ ലോറിയിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. പൈവളിഗെ ബായാർപദവിലെ അബ്ദുള്ള-സക്കീന ദമ്പതികളുടെ മകൻ മുഹമ്മദ് ആഷിഫ് (29) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ മൂന്നേകാലോടെ മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ കായർകട്ട എന്ന സ്ഥലത്താണ് ആഷിഫിനെ നിർത്തിയിട്ട ലോറിക്കുള്ളിൽ അവശനിലയിൽ കണ്ടെത്തിയത്. ലോറിയുടെ കാബിനിലും വാതിലിലും രക്തം പുരണ്ട നിലയിലാണ്. ആഷിഫിന്റെ ചെരുപ്പുകൾ റോഡരികിൽ വീണുകിടക്കുന്ന നിലയിലായിരുന്നു. ലോറിയുടെ കാബിനുള്ളിൽ ഒരു മുളവടിയും കണ്ടെത്തി.
പുലർച്ചെ രണ്ടുമണിയോടെ ആരോ ഫോണിൽ വിളിച്ചതനുസരിച്ചാണ് ആഷിഫ് തന്റെ ടിപ്പർ ലോറിയുമായി വീട്ടിൽനിന്ന് പുറപ്പെട്ടതെന്ന് ബന്ധുക്കൾ പറയുന്നു. ഉപ്പളയിലേക്കാണ് പോകുന്നതെന്നു പറഞ്ഞെങ്കിലും അവിടെ എത്തിയില്ല. ഏറെനേരം കഴിഞ്ഞിട്ടും വിളിച്ചിട്ടു കിട്ടാത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് വീട്ടിൽനിന്ന് മൂന്നു കിലോമീറ്റർ അകലെ കായർകട്ടയിൽ നിർത്തിയിട്ട ലോറിയിൽ അവശനിലയിലായിരുന്ന ആഷിഫിനെ കണ്ടെത്തിയത്. നാട്ടുകാരുടെയും ഹൈവേ പോലീസിന്റെയും സഹായത്തോടെ ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കുമ്പളയിലെ സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നാല് സഹോദരിമാരുണ്ട്.