ചാന്ദ്രയാന്‍ വിശേഷങ്ങള്‍ പങ്കുവച്ച് ജിഎസ്എല്‍വി പ്രോജക്ട് മാനേജര്‍
1495500
Wednesday, January 15, 2025 7:44 AM IST
കാഞ്ഞങ്ങാട്: ഒരു റോക്കറ്റിന് എന്തു വലിപ്പമുണ്ടാകും? എല്ലാവര്ക്കും ബഹിരാകാശ യാത്ര സാധ്യമാണോ? എഎസ്ആര്ഒയില് ജോലി കിട്ടാന്‍ എന്തു പഠിക്കണം?.. അജാനൂര്‍ ഗവ. ഫിഷറീസ് യുപി സ്കൂളിലെ കുഞ്ഞു മനസിലെ വലിയ ചോദ്യങ്ങള്‍ക്ക് തന്റെ അനുഭവങ്ങളുടെ സാക്ഷ്യത്തില്‍ മറുപടി നല്കി ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനും ജിഎസ്എല്‍വി മാര്‍ക്ക് 3 പ്രോജക്ട് മാനേജരുമായ വി. സനോജ്.
ഒരു ശാസ്ത്രജ്ഞനാകാനുള്ള ആദ്യ തയാറെടുപ്പ് തന്റെ ചുറ്റുപാടുകളെ സസൂക്ഷ്മം നിരീക്ഷിക്കലാണെന്ന് അദ്ദേഹം പറഞ്ഞു. നല്ല ചോദ്യങ്ങള്‍ ചോദിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നുള്ളതാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്തം. പരാജയപ്പെടുമ്പോഴാണ് നമുക്ക് കൂടെ നില്ക്കാന് ആളുകള്‍ വരേണ്ടത്. കാരണം, ഇന്നലെ വിജയിച്ചവരും നാളെ വീണ്ടും വിജയിക്കേണ്ടവരുമാണവര്. ചാന്ദ്രയാന്‍ 3 ന്റെ വിജയരഹസ്യം ഇത്തരം പ്രചോദനങ്ങള്‍ കൂടിയാണെന്നും സനോജ് പറഞ്ഞു.
പൂര്‍വവിദ്യാര്‍ഥി സംഘടന ഒരുക്കിയ സംവാദത്തില്‍ മുഖ്യാധ്യാപകന്‍ വി. മോഹനന് അധ്യക്ഷത വഹിച്ചു. നൗഷാദ് കൊത്തിക്കാല്‍, എ. ഹമീദ് ഹാജി, ജാഫര്‍ പാലായി, ഷഫീഖ് ആവിക്കല്‍, കെ. മണികണ്ഠന്, കെ.ജി. സജീവന്, പി. നനീഷ, സി. സുലേഖ, കെ. സജിത, പി. ധന്യ, പി. പ്രസീത എന്നിവര്‍ പ്രസംഗിച്ചു.