കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയം : നിർമാണപ്പിഴവുകൾ തിരുത്താൻ വീണ്ടും 1.36 കോടി
1495615
Thursday, January 16, 2025 1:18 AM IST
കാഞ്ഞങ്ങാട്: കാസർഗോഡ് വികസന പാക്കേജിൽ നിന്ന് ആറുകോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച കാഞ്ഞങ്ങാട് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കാൻ വീണ്ടും 1.36 കോടി രൂപ അനുവദിച്ചു. നിലവിൽ സിമന്റിട്ട് തയാറാക്കിയ നിലം ദേശീയ മത്സരങ്ങൾക്കുപയോഗിക്കാവുന്ന നിലവാരത്തിൽ സിന്തറ്റിക് രീതിയിലേക്ക് മാറ്റുന്നതടക്കമുള്ള പ്രവൃത്തികൾക്കാണ് അധിക തുക അനുവദിച്ചത്.
സിമന്റിട്ട് ചായംപൂശിയ നിലത്തുവച്ച് ക്ലബ് മത്സരങ്ങൾ പോലും നടത്താൻ ബുദ്ധിമുട്ടാണെന്ന കാര്യം കായികതാരങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഈയൊരു കാര്യത്തിൽ മാത്രം 15 ലക്ഷത്തോളം രൂപയാണ് പാഴായത്. പോളിയുറത്തീൻ പാകിയാണ് പുതിയ നിലമൊരുക്കുക. ഇതിന് സ്പോഞ്ച് പോലുള്ള അനുഭവം കിട്ടുന്നതിനാൽ ഷട്ടിൽ ബാഡ്മിന്റൺ, വോളിബോൾ, ഹാൻഡ് ബോൾ എന്നിവയ്ക്കെല്ലാം ഉപയോഗിക്കാനാകും.
സ്റ്റേഡിയത്തിന്റെ മേൽക്കൂരയുടെ ഉയരക്കുറവ്, വെളിച്ചസംവിധാനത്തിലെയും സുരക്ഷാ സംവിധാനങ്ങളിലെയും പാളിച്ചകൾ എന്നിവയും ഇപ്പോൾ അധികമായി അനുവദിച്ച തുക ഉപയോഗിച്ച് പരിഹരിക്കും. നിലം പണിക്കൊപ്പം ഈ കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പ് പുതിയ പ്രവൃത്തികൾക്കുള്ള അടങ്കൽ തയാറാക്കി സമർപ്പിച്ചത്.
കാഞ്ഞങ്ങാട് സ്റ്റേഡിയത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് തീരുമാനിക്കുന്നതിനായി കാസർഗോഡ് വികസന പാക്കേജ് സ്പെഷൽ ഓഫീസർ വി. ചന്ദ്രൻ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർ എം. സജിത്ത്, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രതിനിധി സുദീപ് ബോസ് എന്നിവരുൾപ്പെട്ട സംഘം ഏഴിമല നാവിക അക്കാദമിയിലെ ഇൻഡോർ സ്റ്റേഡിയം കാണാൻ പോയിരുന്നു.
മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഈ സ്റ്റേഡിയവുമായി താരതമ്യപ്പെടുത്തിയാണ് കാഞ്ഞങ്ങാട് സ്റ്റേഡിയത്തിൽ വരുത്താവുന്ന മാറ്റങ്ങൾ നിശ്ചയിച്ച് അടങ്കൽ തയാറാക്കി സമർപ്പിച്ചത്. പുതിയ രൂപരേഖ പ്രകാരം 1.36 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി കൂടി ലഭിക്കുന്നതോടെ വീണ്ടും പുതിയ ടെൻഡർ വിളിച്ച് പ്രവൃത്തികൾ തുടങ്ങാനാകും.