എ.കെ.ബി. നായർ അരമന നായരച്ചനായി നാളെ ചുമതലയേല്‍ക്കും
1495498
Wednesday, January 15, 2025 7:44 AM IST
നീലേശ്വരം: മന്നംപുറത്ത് കാവിലെ പുതിയ അരമന നായരച്ചനായി ആധ്യാത്മിക പ്രഭാഷകനും ഗ്രന്ഥകാരനും ഇൻകം ടാക്സ് വകുപ്പിലെ റിട്ട. അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുമായ എ.കെ.ബി. നായർ (അരമന കാരാട്ട് ബാലഗംഗാധരൻ നായർ) നാളെ ചുമതലയേല്‍ക്കും. രാവിലെ 11നും 12.30നും ഇടയിലാണ് സ്ഥാനാരോഹണം.
നീലേശ്വരം അരമന തറവാട്ടിലെ മുതിർന്ന അംഗത്തിനാണ് അരമന നായരച്ചൻ സ്ഥാനം ലഭിക്കുന്നത്. നായരച്ചനായിരുന്ന ഗോപാലൻ നായർ കഴിഞ്ഞ ജനുവരി ഒന്നിന് അന്തരിച്ചതിനെ തുടർന്നാണ് എ.കെ.ബി. നായരെ ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. പാലക്കാട് ഗവ. വിക്ടോറിയ കോളജിൽ നിന്ന് സോഷ്യോളജിയിലും പൊളിറ്റിക്കൽ സയൻസിലും ബിരുദം നേടിയിട്ടുള്ള എ.കെ.ബി. നായർ ഇൻകം ടാക്സ് ഓഫീസറയി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നിലവിൽ കോഴിക്കോട്ടാണ് താമസിക്കുന്നത്. ചിന്മയ മിഷൻ പ്രവർത്തനങ്ങളിലും ഭാഗവത സപ്താഹ യജ്ഞങ്ങളിലും സജീവമായിരുന്നു. ഇദ്ദേഹം എഴുതിയ ടെമ്പിൾ വർഷിപ്പ് എന്ന പുസ്തകം കാലിഫോർണിയ യൂണിവേഴ്സിറ്റി ലൈബ്രറിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.