ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു
1494764
Monday, January 13, 2025 1:09 AM IST
മാവുങ്കാൽ: മലയോരത്തേക്കും ഇടനാട്ടിലേക്കുമുള്ള പ്രവേശനകവാടമായ മാവുങ്കാലിൽ ബസ് സ്റ്റാൻഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ദേശീയപാതയിലെ ഫ്ലൈ ഓവർ നിർമാണത്തോടെ രണ്ടായി വിഭജിക്കപ്പെട്ട ടൗണിൽ നാലിടങ്ങളിലായാണ് ഇപ്പോൾ ബസ് സ്റ്റോപ്പുകൾ സ്ഥിതി ചെയ്യുന്നത്.
മലയോരത്തേക്കുള്ള ബസുകൾ സംസ്ഥാനപാത തുടങ്ങുന്നയിടത്തും ജില്ലാ ആശുപത്രി, മടിക്കൈ ഭാഗങ്ങളിലേക്കുള്ള ബസുകൾ ശ്രീരാമക്ഷേത്രത്തിനു മുന്നിലും പെരിയ, കാസർഗോഡ് ഭാഗങ്ങളിലേക്കുള്ള ബസുകൾ ഫ്ലൈ ഓവറിനു താഴെ സർവീസ് റോഡിലും എല്ലാ ഭാഗങ്ങളിൽ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള ബസുകൾ ജലസംഭരണിക്ക് സമീപവുമാണ് നിർത്തുന്നത്.
ജലസംഭരണിക്ക് സമീപം തന്നെയാണ് നേരത്തേ ബസ് സ്റ്റാൻഡിനായി സ്ഥലം കണ്ടെത്തിയിരുന്നത്. എല്ലാ വർഷവും അാനൂർ പഞ്ചായത്തിന്റെ ബജറ്റിൽ മാവുങ്കാൽ ബസ് സ്റ്റാൻഡ് നിർമാണം സ്ഥാനം പിടിക്കാറുണ്ടെങ്കിലും മേൽനടപടികളൊന്നും ഉണ്ടാകാറില്ല.
ടൗൺ രണ്ടായി വിഭജിക്കപ്പെട്ടതോടെ ഇനി ഒരു സ്ഥലത്തുനിന്നെത്തി മറ്റൊരു സ്ഥലത്തേക്ക് പോകേണ്ടവർ അര കിലോമീറ്ററോളം നടന്നും അടിപ്പാത മുറിച്ചുകടന്നും ആ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് തേടി പോകേണ്ടിവരും.
ഇതൊഴിവാക്കണമെങ്കിൽ ബസ് സ്റ്റാൻഡ് നിർമാണം അനിവാര്യമാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ജലസംഭരണിക്ക് സമീപം നേരത്തേ കണ്ടുവച്ച സ്ഥലത്തുതന്നെ ബസ് സ്റ്റാൻഡ് നിർമിച്ചാൽ എല്ലാ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കും അത് സൗകര്യപ്രദമാകും.
സർവീസ് റോഡിലും അടിപ്പാതയിലും കൂടുതൽ തിരക്കും ഗതാഗതക്കുരുക്കും ഉണ്ടാകുന്നത് ഒഴിവാക്കാനും കഴിയുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
കെട്ടിടനിർമാണം പിന്നീട് നടത്താമെന്ന നിലയിൽ തത്കാലം ഇവിടെ ബസുകൾ കയറ്റുന്ന കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തിര തീരുമാനം ഉണ്ടാകണമെന്നാണ് ആവശ്യം.