തെങ്ങോലപ്പുഴു ബാധിച്ച തോട്ടങ്ങളിൽ എതിർപ്രാണികളെ തുറന്നുവിട്ടു
1494537
Sunday, January 12, 2025 1:55 AM IST
പടന്ന: തെങ്ങോലപ്പുഴുവിന്റെ ആക്രമണം രൂക്ഷമായ പടന്ന പഞ്ചായത്തിലെ തെങ്ങിൻതോപ്പുകളിൽ എതിർ പ്രാണികളെ തുറന്നുവിട്ടു. കൃഷിഭവന്റെ നേതൃത്വത്തിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്നാണ് എതിർ പ്രാണികളെ എത്തിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്ലം കീടബാധയേറ്റ തെങ്ങുകളിലേക്ക് എതിർ പ്രാണികളെ തുറന്നുവിടുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ചു.
കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, കൃഷി അസിസ്റ്റന്റ് പി.പി. കപിൽ എന്നിവർ നേതൃത്വം നൽകി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷാഹിദ അഷ്റഫ്, കെ. അസൈനാർ കുഞ്ഞി, ജി.എസ്. ജഹാംഗീർ, പി. സഫറ എന്നിവർ സംബന്ധിച്ചു.
സിപിസിആർഐയിലെ എന്റമോളജി വിഭാഗം സീനിയർ സയന്റിസ്റ്റ് ഡോ.പി.എസ്. പ്രതിഭയുടെ നിർദേശപ്രകാരം ഗോണിയോസസ് നെഫാന്റിഡിസ്, ബ്രാക്കോൺ ബ്രെവികോണിസ് എന്നീ സൂക്ഷ്മ എതിർ പ്രാണികളെയാണ് തെങ്ങുകളിലേക്ക് തുറന്നുവിട്ടത്. ഇവ തെങ്ങോലപ്പുഴുക്കളുടെ ശരീരത്തിൽ മുട്ടയിട്ട് പെരുകുകയാണ് ചെയ്യുക.
മുട്ട വിരിഞ്ഞിറങ്ങുന്ന ചെറു ലാർവകൾക്ക് പുഴുവിന്റെ ശരീരം ഭക്ഷണമാകും. 40 മുതൽ 60 വരെ ദിവസങ്ങൾക്കുള്ളിൽ എതിർപ്രാണികൾ പെരുകി കൂടുതൽ തെങ്ങുകളിലേക്ക് പടരുന്നതോടെ തെങ്ങോലപ്പുഴുക്കളുടെ എണ്ണം നിയന്ത്രണാധീനമാകും.
രണ്ടോ മൂന്നോ മാസങ്ങൾക്കകം ഒരു തോട്ടത്തിലെ തെങ്ങോലപ്പുഴുക്കളെ പൂർണമായും ഇല്ലാതാക്കാൻ കഴിയും. എതിർപ്രാണികളെ കൊണ്ട് തെങ്ങിന് ദോഷഫലങ്ങളൊന്നുമില്ല. ആയിരത്തോളം എതിർ പ്രാണികളെയാണ് ഇന്നലെ തെങ്ങുകളിലേക്ക് തുറന്നുവിട്ടത്.
എന്നാൽ തെങ്ങോലപ്പുഴുക്കളുടെ എണ്ണം നിലവിൽ ക്രമാതീതമായതിനാൽ പെട്ടെന്ന് ഫലം ലഭിക്കണമെങ്കിൽ കൂടുതൽ എതിർ പ്രാണികളെ ലഭ്യമാക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്. ഇതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു.