45 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷികപദ്ധതി ഭേദഗതികള്‍ക്ക് അംഗീകാരം
1494538
Sunday, January 12, 2025 1:55 AM IST
കാസര്‍ഗോഡ്: ജില്ലാ ആസൂത്രണ സമിതി 45 തദ്ദേശസ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതിക്ക് അംഗീകാരം നല്കി. സര്‍ക്കാര്‍ മാര്ഗനിര്ദേശമനുസരിച്ച പദ്ധതിരേഖ പരിഷ്കരിക്കുന്നതിനായി സുലേഖ സോഫ്റ്റ്വെയറിലൂടെ സമര്‍പ്പിച്ച പദ്ധതികള്‍ക്കാണ് ആസൂത്രണ സമിതി അനുമതി നല്‍കിയത്.
മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളും പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ആസൂത്രണ സമിതി അധ്യക്ഷ ബേബി ബാലകൃഷ്ണന് പറഞ്ഞു. ആസ്പിരേഷന്‍ ബ്ലോക്ക് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച് വീണ്ടും നേട്ടം കൈവരിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ അഭിനന്ദിച്ചു. ജനുവരി 24മുതല്‍ 26 വരെ പള്ളിക്കരയില്‍ നടക്കുന്ന ഹാപ്പിനസ് ഫെസ്റ്റില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ പ്രത്യേകം അനുമോദിക്കുമെന്നും അവര്‍ പറഞ്ഞു. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്കി.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. സജിത് കുമാര്‍ ഹാപ്പിനസ് ഫെസ്റ്റിന്റെ പ്രത്യേകതകള്‍ വിവരിച്ചു. 24നു ദേശീയ പെണ് കുഞ്ഞ് ദിനത്തില്‍ രക്ഷാകര്‍തൃത്വം സംബന്ധിച്ച് ക്ലാസുകളും സംവാദവും നടത്തും. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പെണ്‍കുട്ടികളുടെ കലാപ്രകടനങ്ങളും കലാസന്ധ്യയും നടക്കും. സ്കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ ജില്ലയിലെ പ്രതിഭകള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
25നു ദേശീയ വിനോദസഞ്ചാര ദിവസത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മത്സരങ്ങള്‍ നടത്തും. തങ്ങളുടെ ദേശത്തെ മികച്ച ടൂറിസം കേന്ദ്രത്തിന്റെ പ്ലോട്ട് ആവിഷ്ക്കരിച്ച് തങ്ങള്‍ക്ക് ലഭിക്കുന്ന സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കണം. മികച്ച പ്ലോട്ടുകള്‍ക്ക് അവാര്‍ഡ് നല്‍കും. 26നു റിപ്പബ്ലിക് ദിനത്തില്‍ ജില്ലാ പഞ്ചായത്തും ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന റൈസിംഗ് കാസര്‍ഗോഡ് ഇന്‍വെസ്റ്റേഴ്സ് മീറ്റിന്റെ മൂന്നാം പതിപ്പായി പ്രവാസി നിക്ഷേപക സംഗമവും നടത്തും.
ജില്ലാ പഞ്ചായത്തിന്റെ 26 പുതിയ പദ്ധതികള്‍, കിനാര്-കരിന്തളം-20, മടിക്കൈ-ഏഴ്, കയ്യൂര്‍-ചീമേനി, കോടോം-ബേളൂര്‍-15, നീലേശ്വരം-അഞ്ച്, അജാനൂര്‍-18, കള്ളാര്‍-10, മഞ്ചേശ്വരം-18, പള്ളിക്കര-31, കുമ്പഡാജെ-12, പരപ്പ ബ്ലോക്ക്-മൂന്ന്, കാറഡുക്ക-20, കാഞ്ഞങ്ങാട്-17, ഉദുമ-16, പുല്ലൂര്‍-പെരിയ-23, മഞ്ചേശ്വരം-ആറ്, ബേഡഡുക്ക-എട്ട്, പിലിക്കോട്-13, വെസ്റ്റ് എളേരി-33, ചെറുവത്തൂര്‍-എട്ട് , ബെള്ളൂര്‍-ഒന്‍പത്, ബളാല്‍-28, മധൂര്‍-25, മൊഗ്രാല്‍പുത്തൂര്‍-15, വലിപറമ്പ-10, കുറ്റിക്കോല്‍-നാല്, മുളിയാര്‍-12, ബദിയഡുക്ക-ഏഴ്, തൃക്കരിപ്പൂര്‍-അഞ്ച്, ചെമ്മനാട്-18, പുത്തിഗെ-25, വോര്‍ക്കാടി-13, ഈസ്റ്റ് എളേരി-16, പനത്തടി-14, കാസര്‍ഗോഡ് ബ്ലോക്ക്-ആറ്, പൈവളിഗെ-16, ചെങ്കള-24, പടന്ന-ആറ്, എന്മകജെ-19 എന്നീ പുതിയ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. നീലേശ്വരം, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍, മംഗല്പാടി പഞ്ചായത്ത്, ദേലമ്പാടി പഞ്ചായത്ത്, കുമ്പള പഞ്ചായത്ത് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ക്കും അംഗീകാരം നല്കി.