ചെങ്കള പഞ്ചായത്തിലും പുലിപ്പേടി
1495914
Friday, January 17, 2025 1:04 AM IST
മടിക്കൈ/ബോവിക്കാനം: പുലിയുടെ ആക്രമണത്തിൽ ആടും വളർത്തുനായയും കൊല്ലപ്പെട്ട മടിക്കൈ പഞ്ചായത്തിലെ രണ്ടിടങ്ങളിൽ വനംവകുപ്പ് കാമറകൾ സ്ഥാപിച്ചു. വെള്ളൂട, ബർമത്തട്ട് എന്നിവിടങ്ങളിലാണ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ കാമറകൾ സ്ഥാപിച്ചത്. കാമറയിലെ ദൃശ്യങ്ങളിലൂടെ പുലിസാന്നിധ്യം സ്ഥിരീകരിച്ചാൽ മാത്രമേ പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കാൻ കഴിയൂ എന്നാണ് വനംവകുപ്പിന്റെ നിയമം.
എന്നാൽ ചെറുതും വലുതുമായി നാല് പുലികളുടെ സാന്നിധ്യം സ്ഥിരീകരിച്ച മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി രണ്ട് കൂടുകൾ സ്ഥാപിച്ചിട്ട് രണ്ടു മാസത്തോളമായിട്ടും ഒരു പുലിയെ പോലും പിടിക്കാൻ കഴിഞ്ഞിട്ടില്ല. യഥാർത്ഥത്തിൽ ഇപ്പോൾ ഇവിടെയുള്ള പുലികളുടെ എണ്ണം ഏഴോ അതിലധികമോ ആണെന്ന് നാട്ടുകാർ പറയുന്നു.
മുളിയാറിൽ നിന്ന് തൊട്ടടുത്ത ബേഡഡുക്ക, ചെങ്കള പഞ്ചായത്തുകളിലേക്കും പുലിഭീഷണി പടരുകയാണ്. ചെങ്കള പഞ്ചായത്തിലെ എടനീരിൽ കഴിഞ്ഞ ദിവസം മൂന്നു പുലികളെ ഒരുമിച്ച് കണ്ടതായാണ് നാട്ടുകാർ പറയുന്നത്.