ഉദുമ മണ്ഡലത്തിൽ യുവ പദ്ധതിക്ക് തുടക്കമായി
1494772
Monday, January 13, 2025 1:09 AM IST
ഉദുമ: നിയോജക മണ്ഡലത്തിൽ യുവജനങ്ങൾക്കായുള്ള പ്രത്യേക വികസനപദ്ധതികളുടെയും യൂത്ത് ഫോർ ഉദുമ വോളണ്ടറി ആക്ഷൻ (യുവ) സന്നദ്ധസേനയുടെയും പ്രഖ്യാപനം സി.എച്ച്. കുഞ്ഞമ്പു എംഎൽഎ നിർവഹിച്ചു. പദ്ധതിയുടെ ലോഗോയും എംഎൽഎ പ്രകാശനം ചെയ്തു. സാമൂഹിക സന്നദ്ധസേന ഡയറക്ടറേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്റർ എലിസബത്ത് മിനു മാത്യുസ്, കേരള യൂത്ത് ലീഡർഷിപ്പ് അക്കാദമി പ്രോജക്ട് മാനേജർ കാർത്തിക് ഗോപാൽ, സച്ച്ദേവ് എസ്. നാഥ് എന്നിവർ ലോഗോ ഏറ്റുവാങ്ങി. ലോഗോ ഡിസൈൻ ചെയ്ത അർജുൻ പരപ്പയ്ക്ക് എംഎൽഎ ഉപഹാരം നൽകി.
വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ വികസനവും, ശാരീരിക-മാനസിക-സാമൂഹിക ആരോഗ്യം, കലാകായിക സാംസ്കാരിക രംഗം, സംരംഭകത്വം, സന്നദ്ധസേവനം എന്നീ മേഖലകളിൽ മണ്ഡലത്തിലെ യുവജനങ്ങൾക്കായി ആവിഷ്കരിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖ യോഗത്തിൽ അവതരിപ്പിച്ചു. മണ്ഡലത്തിലെ വിവിധ കോളജുകളിൽ നിന്നും ഹയർ സെക്കൻഡറി സ്കൂളുകളിൽ നിന്നുമുള്ള വിദ്യാർഥികൾ പങ്കെടുത്തു. കെ.ജി. വിദ്യാധരൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ടി.ടി. സുരേന്ദ്രൻ, യുവജന കമ്മീഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബിപിൻരാജ് പായം, അസാപ് ജില്ലാ പ്രോഗ്രാം ഓഫീസർ പ്രജിത്ത് ഉലൂജി, ജില്ലാ സ്കിൽ കോ-ഓർഡിനേറ്റർ എം.ജി. നിതിൻ, ആൽബിൻ മാത്യു, ബി.കെ. ഷൈജിന എന്നിവർ പ്രസംഗിച്ചു.