ദേശീയപാത: മാവുങ്കാലിലെ ഫ്ലൈ ഓവർ ഗതാഗതത്തിനായി തുറന്നു
1494763
Monday, January 13, 2025 1:09 AM IST
മാവുങ്കാൽ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി മാവുങ്കാൽ ടൗണിൽ നിർമിച്ച ഫ്ലൈ ഓവർ ഗതാഗതത്തിനായി തുറന്നു. നാഷണൽ പെർമിറ്റ് ലോറികളടക്കമുള്ള ദീർഘദൂര വാഹനങ്ങളെയാണ് ഫ്ലൈ ഓവറിലൂടെ കടത്തിവിടുന്നത്. ഇതോടെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ടൗണിലുണ്ടായ ഗതാഗതക്കുരുക്കിന് ഭാഗികമായ പരിഹാരമായി.
മണ്ണിട്ടുയർത്തിയുള്ള ഫ്ലൈ ഓവറിന്റെ നിർമാണത്തോടെ മാവുങ്കാൽ ടൗൺ ഫലത്തിൽ രണ്ടായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. കിഴക്കുവശവും പടിഞ്ഞാറുവശവും തമ്മിലുള്ള കാഴ്ച പോലും പൂർണമായും മറച്ചുകൊണ്ടാണ് ഫ്ലൈ ഓവർ ഉയർന്നിരിക്കുന്നത്. പാണത്തൂരിലേക്കുള്ള സംസ്ഥാനപാതയോടനുബന്ധിച്ച അടിപ്പാത മാത്രമായിരിക്കും ഇനി ഇരുവശങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുക. അജാനൂർ പഞ്ചായത്തിന്റെ പുതിയ വാർഡ് വിഭജനത്തിലും ദേശീയപാതയുടെ ഇരുവശത്തുമുള്ള പ്രദേശങ്ങളെ പ്രത്യേകം വാർഡുകളാക്കി മാറ്റിയിട്ടുണ്ട്. വരുംകാലങ്ങളിൽ രണ്ടു ഭാഗങ്ങളും വെവ്വേറെയായി തന്നെ വികസിക്കേണ്ടിവരും.
മേഘ ഇൻഫ്രാസ്ട്രക്ചറിനു കീഴിലുള്ള ദേശീയപാതയുടെ ചെർക്കള-നീലേശ്വരം റീച്ചിൽ നിർമിക്കുന്ന ഫ്ലൈ ഓവറുകളിൽ ആദ്യത്തേതാണ് ഇതോടെ പൂർത്തിയായത്. ചെർക്കളയിലും കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിലുമുള്ള ഫ്ലൈ ഓവറുകൾ നിർമാണഘട്ടത്തിലാണ്. ഈ ഫ്ലൈ ഓവറുകളിൽ ദീർഘം തൂണുകൾ സ്ഥാപിച്ചിട്ടുള്ളതിനാൽ മാവുങ്കാലിൽ സംഭവിച്ചതുപോലെ ടൗണിനെ വിഭജിക്കുന്ന സാഹചര്യം ഉണ്ടാവില്ല.
എന്നാൽ നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിർമാണം തുടങ്ങിയ ഫ്ലൈ ഓവർ പൂർത്തിയാകുമ്പോൾ ഏറെക്കുറെ മാവുങ്കാലിന്റെ അതേ സ്ഥിതിയാകും ഉണ്ടാവുക.