ആര്‍ക്കും വരാം, ക്ഷയരോഗത്തെ കരുതിയിരിക്കണം
1494535
Sunday, January 12, 2025 1:55 AM IST
കാസര്‍ഗോഡ്: ശരിയായ സമയത്ത് പരിശോധനയും ശരിയായ രീതിയില്‍ ചികിത്സയും ഡോക്ടറുടെ നിര്‍ദേശാനുസരണമുള്ള മരുന്നുകള്‍ യഥാസമയം നേടുകയും ചെയ്താല്‍ ക്ഷയരോഗം പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ്. ജില്ലാ ടിബി സെന്ററിന്റെയും ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യത്തിന്റെയും ആഭിമുഖ്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷയരോഗ വിമുക്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിബക്ഷയ് ഷിവര്‍ എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ 100 ദിന കര്‍മപരിപാടി ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിന്റെ ഭാഗമായാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ശില്പശാല സംഘടിപ്പിച്ചത്.
രോഗം നേരത്തെ കണ്ടെത്തുക, പകര്‍ച്ചയും മരണവും പരമാവധി കുറക്കുക ക്ഷയരോഗ പ്രതിരോധം ശക്തിപ്പെടുത്തുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യമിട്ടിരിക്കുന്നത് . ക്ഷയരോഗം പല്ല്, മുടി ഒഴികെ ശരീരത്തിന്റെ ഏത് അവയവത്തെയും ബാധിക്കാം. പ്രധാനമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. പ്രായഭേദമന്യേ എല്ലാവരെയും ക്ഷയരോഗം ബാധിക്കാം. കൃത്യമായി ചികിത്സയിലൂടെ പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സ എടുക്കാതിരുന്നാല്‍ മരണം വരെ സംഭവിക്കാം.
ക്ഷയരോഗം നിര്‍ണയവും ചികിത്സയും പൂര്‍ണമായും സൗജന്യമാണ്. മരുന്നുകള്‍ കൃത്യമായി കഴിക്കുന്നതില്‍ വീഴ്ച വരുത്തുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുകയും ഡ്രഗ്ഗ് റസിസ്റ്റന്റ് ടിബി എന്ന മാരകമായ ക്ഷയ രോഗത്തിന് കാരണമാവുകയും ചെയ്യും. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന ചുമ, രാത്രികാലങ്ങളില്‍ ഉണ്ടാകുന്ന പനി, വിറയല്‍, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞു വരിക, രക്തം ചുമച്ചു തുപ്പുക രക്തമയം കലര്‍ന്ന കഫം, വിശപ്പില്ലായ്മ ഇവയാണ് ക്ഷയരോഗ ലക്ഷണങ്ങള്‍.
കഫപരിശോധനയിലൂടെയും എക്സറേ പരിശോധനയിലൂടെയും ക്ഷയരോഗ നിര്‍ണ്ണയം നടത്താം. ഇതുകൂടാതെ സിബിനാറ്റ് എന്ന നൂതന ജനിതക സാങ്കേതികവിദ്യയും രോഗംനിര്ണയത്തിനായി ഉപയോഗിക്കുന്നു. കാസര്‍ഗോഡ് ജില്ലയില്‍ കാസര്‍ഗോഡ് ജനറല്‍ ആശുപത്രി, ജില്ലാ ആശുപത്രി, മംഗല്പാടി താലൂക്ക് ആശുപത്രി, പൂടങ്കല്ല് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെല്ലാം ആധുനിക പരിശോധന സംവിധാനങ്ങളുണ്ട്.
ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലോ ഉപകേന്ദ്രങ്ങളിലോ ഏല്‍പ്പിക്കുന്ന കഫസാമ്പിളുകള് ബന്ധപ്പെട്ട പരിശോധന സംവിധാനങ്ങളും ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട് രോഗബാധിതര്‍ എന്ന് കണ്ടെത്തുന്ന എല്ലാവര്ക്കും അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നോ ചില സ്വകാര്യ ആശുപത്രിയില്‍ നിന്നും ചികിത്സ നേടാനുള്ള സൗകര്യവുമുണ്ട് പരിശോധനയും ചികിത്സയും മരുന്നുകളും തികച്ചും സൗജന്യമാണ്.
2019 നെ അപേക്ഷിച്ച കാസര്‍ഗോഡ് ജില്ലയില്‍ രോഗികളുടെ എണ്ണത്തില്‍ 20 ശതമാനം കുറവുണ്ടായി. പരിശോധനകളുടെ എണ്ണതതില് 60 ശതമാനത്തില്‍ അധികം വര്‍ധനവ് വരുത്തിയിട്ടും ഇത്രയും കുറവുണ്ട് പ്രതീക്ഷ നല്‍കുന്നതാണെന്ന് ജില്ലാ ടിബി ഓഫീസര്‍ ഡോ. ആരതി രഞ്ജിത് പറഞ്ഞു.
ജില്ലയില്‍ നിലവിൽ 752 ക്ഷയരോഗികള്‍ ഉണ്ട്. ഇതില്‍ 497 പേര് പുരുഷന്മാരാണ്. 274 ശ്വാസകോശേതര ക്ഷയ രോഗികളുണ്ട്.