ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ നിയമന നിരോധനം: ഡിസിസി പ്രസിഡന്റ്
1494539
Sunday, January 12, 2025 1:55 AM IST
കാസര്‍ഗോഡ്: ഭിന്നശേഷി നിയമനത്തിന്റെ മറവില്‍ സംസ്ഥാനത്ത് നിയമന നിരോധനം നടപ്പിലാക്കിയ സർക്കാർ കഴിഞ്ഞ മൂന്നു വര്‍ഷമായി ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ഒരു നിയമനവും നടത്തിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസല്‍ പറഞ്ഞു. ജീവനക്കാരുടെ ഓരോ അവകാശങ്ങളായി കവര്‍ന്നെടുക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന് (എഎച്ച്എസ്ടിഎ) ജില്ലാ സമ്മേളനം കാസർഗോഡ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മെഡിസെപ് പദ്ധതിയിലും കോടികളുടെ അഴിമതി നടന്നതായി സംശയിക്കുന്നുണ്ടെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. എഎച്ച്എസ്ടിഎ ജില്ലാ പ്രസിഡന്റ് പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സംഘടന പ്രവര്‍ത്തകരുടെ മക്കളെ ആദരിച്ചു.
മികച്ച അധ്യാപകനുള്ള കുഞ്ഞുകൃഷ്ണന്‍ ഗുരു ശ്രേഷ്ഠ അവാര്‍ഡിന് അഗല്‍പാടി സ്കൂളിലെ സുവോളജി അധ്യാപകന് ഈശ്വരന് നമ്പൂതിരി അര്‍ഹനായി.
പ്രിന്‍സിപ്പൽ ഫോറം ചെയർമാൻ മെജോ ജോസഫ്, വനിതാ ഫോറം ചെയർപേഴ്സണ്‍ കെ. പ്രേമലത, പി. രതീഷ് കുമാര്‍, ഷിജോ സെബാസ്റ്റ്യൻ, കെ.പി. രാജേന്ദ്രന്, ജില്ലാ സെക്രട്ടറി ഷിനോജ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി എ.ബി. അന്‍വര്‍ - പ്രസിഡന്റ്, പ്രവീണ്‍ കുമാര്‍ - സെക്രട്ടറി, റംസാദ് അബ്ദുള്ള - ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.