കുമ്പള പഞ്ചായത്തിൽ ജിഐഎസ് മാപ്പിംഗിനായി ഡ്രോൺ സർവേ തുടങ്ങി
1494767
Monday, January 13, 2025 1:09 AM IST
കുമ്പള: പഞ്ചായത്തിൽ നടപ്പിലാക്കുന്ന ജിഐഎസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായി ഡ്രോൺ സർവേ തുടങ്ങി. പഞ്ചായത്ത് പരിധിയിലെ ജലസ്രോതസുകൾ, റോഡുകൾ, കെട്ടിടങ്ങൾ, തെരുവുവിളക്കുകൾ, കുടിവെള്ള പൈപ്പുകൾ, കുളങ്ങൾ, തോടുകൾ, കിണറുകൾ, പാലങ്ങൾ എന്നിവ ഡ്രോൺ ഉപയോഗിച്ച് വിവരശേഖരണം നടത്തി അടയാളപ്പെടുത്തും.
കെട്ടിടങ്ങളുടെ വിസ്തീർണവും ഓരോ കുടുംബത്തിലെയും അംഗങ്ങളുടെ വിവരങ്ങളും നേരിട്ട് ശേഖരിക്കും. സർവേ പൂർത്തിയാകുന്നതോടെ പഞ്ചായത്തിലെ എല്ലാ വിവരങ്ങളും ഡിജിറ്റൽ സംവിധാനത്തിൽ ലഭ്യമാകും.
എ.കെ.എം. അഷ്റഫ് എംഎൽഎ ഡ്രോൺ സർവേയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് താഹിറാ യൂസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, അസി. സെക്രട്ടറി മാധവൻ, പ്രോജക്ട് കോ-ഓർഡിനേറ്റർ പി.കെ. അശ്വിൻ, പ്രോജക്ട് മാനേജർ പി. നിധീഷ് എന്നിവർ സംബന്ധിച്ചു.
പഞ്ചായത്തിന്റെ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജിഐഎസ് മാപ്പിംഗ് സർവേ നടത്തുന്നത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസി)ക്കാണ് പദ്ധതിയുടെ നിർവഹണ ചുമതല