കെഎസ്ആർടിസി മലയോര മേഖലയോടുള്ള അവഗണന അവസാനിപ്പിക്കണം
1494765
Monday, January 13, 2025 1:09 AM IST
വെള്ളരിക്കുണ്ട്: കെഎസ്ആർടിസി മലയോര മേഖലയോടുള്ള കടുത്ത അവഗണന അവസാനിപ്പിക്കണമെന്നും നിർത്തലാക്കിയ സൂപ്പർ ക്ലാസ്, ഓർഡിനറി സർവീസുകൾ പുനരാരംഭിക്കണമെന്നും ദേശീയപാതയിൽ മാത്രം ബസുകൾ ഓടിക്കുന്നതിനുപകരം ട്രെയിൻ സൗകര്യമില്ലാത്ത മലയോര മേഖലകളിൽ നിന്ന് കൂടുതൽ സർവീസുകൾ തുടങ്ങാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷൻ കൺവീനർ എം.വി. രാജു ഗതാഗത മന്ത്രിക്ക് നിവേദനം നൽകി.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയേയും മറ്റു ജനപ്രതിനിധികളെയും സമീപിക്കാനും മലയോര മേഖലകളിലെ വിവിധ സംഘടനകൾ ഒരുങ്ങുകയാണ്. മലയോര മേഖലയിലേക്കുള്ള കെഎസ്ആർടിസിയുടെ സൂപ്പർ ക്ലാസ് ബസുകൾ ഓരോന്നായി നിർത്തലാക്കുന്നതുമൂലം ജനങ്ങൾ രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവിക്കുന്നതെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
വളരെ വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന പാലാ ഡിപ്പോയുടെ കൊന്നക്കാട്-പാലാ, മുണ്ടക്കയം-കൊന്നക്കാട്, പൊൻകുന്നം ഡിപ്പോയുടെ പൊൻകുന്നം-പരപ്പ, കുമളി ഡിപ്പോയുടെ കുമളി-പെർള, കാഞ്ഞങ്ങാട്-പുനലൂർ സർവീസുകൾ ഇങ്ങനെ നിർത്തലാക്കിയവയാണ്. ട്രെയിൻ സൗകര്യമില്ലാത്ത മലയോര നിവാസികളുടെ യാത്രാസൗകര്യത്തിനായി മലയോര മേഖലയും, ദേശീയ പാതയും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് സർവീസുകൾ അനുവദിക്കാൻ വേണ്ട നടപടികൾ എടുക്കണം.
സ്വകാര്യ ബസുകൾക്ക് വേണ്ടി കെഎസ്ആർടിസി ബസുകൾ വഴിമാറി കൊടുക്കുന്ന പ്രവണത അവസാനിപ്പിക്കണം. വരുമാനം കുറഞ്ഞ ട്രിപ്പുകളുടെ സമയക്രമീകരണം നടത്തി വരുമാനം മെച്ചപ്പെടുത്താൻ നടപടി ഉണ്ടാകണം.
മലയോര മേഖലയിലെ സാധാരണ യാത്രക്കാരുടെ വിഷമതകൾ പരിഹരിക്കാൻ കോവിഡിന് മുൻപ് വർഷങ്ങളായി ഓടിയ സർവീസുകൾ പുനരാരംഭിക്കുകയും ഭീമനടി, ചെറുപുഴ, ഇരിട്ടി റൂട്ടുകളിൽ കൂടുതൽ സർവീസുകൾ അനുവദിക്കുകയും ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു