വെറുതേ കിടന്ന് പൊടിപിടിക്കാൻ ഈ കെട്ടിടങ്ങൾ
1495915
Friday, January 17, 2025 1:04 AM IST
എണ്ണപ്പാറ: കാസർഗോഡ് വികസന പാക്കേജിൽ നിന്ന് 1.8 കോടി രൂപ ചെലവഴിച്ച് എണ്ണപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിനായി നിർമിച്ച പുതിയ ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷമാകാറാവുന്നു. 2024 മാർച്ച് നാലിനാണ് ആരോഗ്യമന്ത്രി വീണ ജോർജ് ഈ കെട്ടിടം ഓൺലൈനായി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഈ കെട്ടിടം ഇതുവരെ തുറന്നു പ്രവർത്തിച്ചിട്ടില്ല.
പുതിയ കെട്ടിടം വന്നതുകൊണ്ട് ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളൊന്നും അനുവദിച്ചിട്ടുമില്ല. രോഗികളുടെ തിരക്കും എണ്ണത്തിൽ കുറവായ ഡോക്ടർമാരും പരിമിതമായ സൗകര്യങ്ങളുമായി പഴയ കെട്ടിടത്തിൽ തന്നെ ആശുപത്രി പ്രവർത്തനം തുടരുന്നു.
പുതിയ കെട്ടിടത്തിൽ ആശുപത്രി പ്രവർത്തിക്കുന്നതിനാവശ്യമായ വൈദ്യുതി, ഫർണിച്ചർ, ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുങ്ങാത്തതാണ് തടസമെന്നാണ് അധികൃതരുടെ വിശദീകരണം. സർക്കാർ ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ച് കെട്ടിടം പണിതാലും അനുബന്ധ സൗകര്യങ്ങളൊരുക്കാൻ പണമില്ലെന്ന മുറവിളി ഇതുപോലെ പലയിടങ്ങളിലും കേൾക്കുന്നതാണ്. വെറുതേ കിടക്കുന്ന കെട്ടിടത്തിന് അടുത്തിടെ വീണ്ടും പെയിന്റിംഗ് നടത്തുകയും ചെയ്തു. സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ചികിത്സാവിഭാഗങ്ങളും ഡയാലിസിസ് കേന്ദ്രവുമൊക്കെ ഇവിടെ തുടങ്ങണമെന്ന ആവശ്യം ഇപ്പോഴും വിദൂരമായി തന്നെ നിൽക്കുന്നു.
ആശുപത്രിക്കെട്ടിടത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കിൽ എണ്ണപ്പാറയിൽ തന്നെയുള്ള തായന്നൂർ വില്ലേജ് ഓഫീസിന്റെ സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് നാലുവർഷമായിട്ടും ഉപയോഗമില്ലാതെ കിടക്കുകയാണ്. വെള്ളമില്ലാത്തതാണ് ഇവിടുത്തെ പ്രശ്നം. 25 ലക്ഷം രൂപ ചെലവാക്കി കെട്ടിടം പണിതെങ്കിലും ഇവിടെ വെള്ളമെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടില്ല. ഓഫീസ് ജീവനക്കാർക്ക് ശുചിമുറിയിൽ പോകണമെങ്കിൽപോലും അടുത്ത വീട്ടിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരണം.
2021 ഫെബ്രുവരി 21ന് അന്നത്തെ റവന്യൂമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അന്നു മുതൽ ഒരൊറ്റ ജീവനക്കാരും ഈ ക്വാർട്ടേഴ്സിൽ താമസിച്ചിട്ടില്ല. കെട്ടിടവും ശുചിമുറിയുമെല്ലാം കാലപ്പഴക്കം മൂലം പൊടിപിടിച്ചു കിടക്കുന്നു.
വെള്ളത്തിന്റെ ആവശ്യത്തിന് പുതിയ കുഴൽകിണർ കുഴിക്കുകയോ പഴയത് നന്നാക്കുകയോ ചെയ്യണമെന്ന നിർദേശം നിലവിലുണ്ടെങ്കിലും അക്കാര്യത്തിൽ മേൽനടപടികളൊന്നും ഉണ്ടായിട്ടില്ല.
സർക്കാർ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിക്കാൻ അധികൃതർ കാണിക്കുന്ന ആവേശം അവ ഉപയുക്തമാക്കുന്ന കാര്യത്തിൽ കാണുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.