വിദ്യാലയം നൽകുന്ന നന്മകൾ ആഗോള വികസനത്തിന് കാരണമാകും: മാർ മാത്യു മൂലക്കാട്ട്
1495617
Thursday, January 16, 2025 1:18 AM IST
രാജപുരം: വിദ്യാലയം നൽകുന്ന നന്മകൾ ആഗോള വികസനത്തിന് കാരണമാകുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്. ഒരു വർഷം നീണ്ടുനിന്ന രാജപുരം ഫോളിഫാമിലി ഹയർസെക്കൻഡറി വിഭാഗം രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അധ്വാനത്തിന്റെയും സഹകരണത്തിന്റെയും മാതൃക ലോകത്തിനു കാട്ടി കൊടുക്കുന്നതിൽ പൂർവികർ നൽകിയ സംഭാവന നാം വിസ്മരിക്കരുത്. അറിവിനെ നന്മയുടെ ഉറവിടമാക്കി മാറ്റുവാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നമ്മെ സഹായിക്കുന്നു. ജൂബിലി ആഘോഷങ്ങൾ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ കർമനിരതരാക്കുവാൻ നമ്മെ പ്രാപ്തരാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹോളി ഫാമിലി എഎൽപി സ്കൂൾ വാർഷികാഘോഷം സംസ്ഥാന ട്രഷറി ഡയറക്ടർ വി. സാജൻ ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപത കോർപറേറ്റ് വിദ്യഭ്യാസ സെക്രട്ടറി റവ.ഡോ. തോമസ് പുതിയകുന്നേൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഹയർസെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ.കെ. മാണിക്യം മുഖ്യപ്രഭാഷണം നടത്തി. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ചു നൽകുന്ന സ്നേഹവീടിന്റെ താക്കോൽ ദാനം മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. പ്രിൻസിപ്പൽ ജോബി ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാപഞ്ചായത്തംഗം ഷിനോജ് ചാക്കോ, വാർഡ് മെംബർ വനജ ഐത്തു, പിടിഎ പ്രസിഡന്റ് കെ.എ. പ്രഭാകരൻ, മുഖ്യാധ്യാപകൻ സജി മാത്യു, എഎൽപി സ്കൂൾ മുഖ്യാധ്യാപകൻ കെ.ഒ. ഏബ്രഹാം, ജിജി കുര്യൻ, സ്കൂൾ ചെയർമാൻ ഷിയോൺ സൈമൺ,എം.കെ. ജോൺ എന്നിവർ പ്രസംഗിച്ചു.സ്കൂൾ മാനേജർ ഫാ. ജോസഫ് അരിച്ചിറ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ.എം. സാലു നന്ദിയും പറഞ്ഞു.