ഗ്രാമീണ റോഡുകൾക്ക് ഇനി ജർമൻ സാങ്കേതികവിദ്യ
1494766
Monday, January 13, 2025 1:09 AM IST
നീലേശ്വരം: ജില്ലയിൽ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് ഇനി ജർമൻ സാങ്കേതികവിദ്യ. പ്രധാനമന്ത്രി ഗ്രാമീൺ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയ എട്ട് റോഡുകൾക്കാണ് ഫുൾ ഡെപ്ത്ത് റിക്ലമേഷൻ (എഫ്ഡിആർ) എന്ന സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുന്നത്. ചായ്യോം - കാഞ്ഞിരപ്പൊയിൽ, ചെറുവത്തൂർ–വലിയപൊയിൽ, മണിയംപാറ–ദേറഡുക്ക–ഷിറിയ–കൂടഡുക്ക, മിയാപദവ്–ദൈഗോളി–പൊയ്യത്ത് വയൽ–നന്ദാരപദവ്, അതൃക്കുഴി–നെല്ലിക്കട്ട–പുട്ടിപ്പള്ളം–എടനീർ, കല്ലളി മുനമ്പ്–പെർളടുക്കം–ആയംകടവ്, പൈക്ക–നീരോളിപ്പാറ, കാരാക്കോട്–പറക്കളായി എന്നിവയാണ് ഈ റോഡുകൾ.
നിലവിലുള്ള റോഡ് യന്ത്രസഹായത്തോടെ പൊളിച്ചെടുത്ത് ചെറിയ തരികളാക്കി സിമന്റും ചുണ്ണാമ്പും കല്ലും കാത്സ്യം ക്ലോറൈഡും മറ്റു ചില രാസപദാർഥങ്ങളും കലർത്തി ബലപ്പെടുത്തി ഉറപ്പിക്കുന്നതാണ് രീതി. പഴയ റോഡിന്റെ മെറ്റലും ടാറുമടക്കമുള്ള നിർമാണസാമഗ്രികളെല്ലാം ഇതുവഴി വീണ്ടും ഫലപ്രദമായി പുനരുപയോഗിക്കാനാകും. 30 സെന്റിമീറ്റർ വരെ ആഴത്തിൽ കുഴിച്ചെടുത്ത സ്ഥലത്താണ് പുതിയ മിശ്രിതം നിറച്ച് ബലപ്പെടുത്തുന്നത്. ഇതിനു മുകളിൽ ബിറ്റുമിനസ് ടാർ ചേർത്ത് ഉറപ്പിക്കും. ക്വാറി ഉത്പന്നങ്ങളൊന്നും പുതുതായി ഉപയോഗിക്കേണ്ടതില്ലെന്നതിനൊപ്പം കുറഞ്ഞ ചെലവും കൂടുതൽ കാലത്തെ ഈടുനില്പുമാണ് ഈ സാങ്കേതികവിദ്യയുടെ മേന്മകൾ.
ഗ്രാമീണ റോഡ് നവീകരണ പദ്ധതിയുടെ ചെലവിന്റെ 60 ശതമാനം കേന്ദ്ര സർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിക്കുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ എംപി ഇടപെട്ടാണ് ജില്ലയിലെ എട്ട് ഗ്രാമീണ റോഡുകളെ പദ്ധതിയിൽ ഉൾപ്പെടുത്തിയത്.