വിതരണ കരാറുകാരുടെ നിസഹകരണം ;റേഷൻ കടകളിൽ സ്റ്റോക്ക് ഒഴിയുന്നു
1495501
Wednesday, January 15, 2025 7:44 AM IST
കാസർഗോഡ്: വിതരണ കരാറുകാർക്ക് സംസ്ഥാന സർക്കാർ നല്കാനുള്ള പ്രതിഫലം മൂന്നു മാസത്തിലേറെയായി മുടങ്ങിയതോടെ ജില്ലയിൽ റേഷൻ വിതരണം സ്തംഭിക്കുന്നു. സെപ്റ്റംബർ മാസത്തെ പ്രതിഫലത്തിന്റെ 60 ശതമാനവും ഒക്ടോബർ മുതലുള്ള തുക പൂർണമായും വിതരണ കരാറുകാർക്ക് കിട്ടാനുണ്ട്. ഇതോടെ ഈ മാസം ഒന്നുമുതൽ സംസ്ഥാന വ്യാപകമായി തന്നെ ഇവർ നിസഹകരണ സമരത്തിലാണ്.
എഫ്സിഐ ഗോഡൗണുകളിൽ അരിയും ഗോതമ്പും ആവശ്യത്തിന് സ്റ്റോക്കുണ്ടെങ്കിലും അത് റേഷൻ കടകളിലെത്തണമെങ്കിൽ വിതരണക്കാർ കനിയണം. ജില്ലയിലെ എല്ലാ റേഷൻ കടകളിലും കഴിഞ്ഞ മാസത്തെ അവശേഷിക്കുന്ന സ്റ്റോക്ക് മാത്രമാണ് ഇപ്പോഴുള്ളത്. മുൻഗണന റേഷൻ കാർഡുകാർക്കുള്ള അരി വിതരണം മാത്രമാണ് പലയിടങ്ങളിലും നടക്കുന്നത്. സമരം നീണ്ടുപോയാൽ ഇനി അതും നിലയ്ക്കുമെന്ന അവസ്ഥയാണ്.
അടുത്ത മാസം പകുതി വരെ വിതരണത്തിനുള്ള ധാന്യങ്ങളാണ് ഓരോ മാസവും റേഷൻ കടകളിൽ എത്തിക്കുന്നത്. 15 ദിവസത്തേക്കുള്ള സ്റ്റോക്ക് ബാക്കിയുണ്ടായിരുന്നതിനാലാണ് ഇതുവരെ മിക്കയിടങ്ങളിലും റേഷൻ വിതരണം മുടങ്ങാതിരുന്നത്.
പ്രതിഫലം മുടങ്ങിയതിനെ തുടർന്ന് മാസങ്ങൾക്കു മുമ്പും വിതരണ കരാറുകാർ സമരം നടത്തിയിരുന്നു. കുടിശികയായ പ്രതിഫലത്തിന്റെ കുറച്ചു ഭാഗമെങ്കിലും കൊടുത്തുതീർത്താണ് അന്ന് സമരം ഒത്തുതീർപ്പാക്കിയത്. പക്ഷേ തുടർന്നുള്ള മാസങ്ങളിൽ പ്രതിഫലം മുടങ്ങില്ലെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല.
ലോറികൾക്ക് ഇന്ധനമടിക്കാനും ഡ്രൈവർമാർക്കും ചുമട്ടുതൊഴിലാളികൾക്കും പ്രതിഫലം നല്കാനും കൈയിൽ നിന്ന് കാശെടുത്ത് ചെലവാക്കിയാണ് കഴിഞ്ഞ മാസങ്ങളിൽ തങ്ങൾ റേഷൻ വിതരണം നടത്തിയതെന്ന് വിതരണ കരാറുകാർ പറയുന്നു.
കടബാധ്യതകൾ കുന്നുകൂടിയതോടെയാണ് വീണ്ടും സമരത്തിനിറങ്ങേണ്ടിവന്നത്. ചെയ്ത ജോലിയുടെ പ്രതിഫലം കിട്ടാൻപോലും സമരം നടത്തേണ്ടിവരുന്ന അവസ്ഥയാണെന്നും അവർ പറയുന്നു.
വിതരണക്കാരുടെ സമരത്തിന് പിന്നാലെ വേതന വർധനവ് ആവശ്യപ്പെട്ട് ഈ മാസം 27 മുതൽ സമരം തുടങ്ങാൻ റേഷൻ കടയുടമകളും നോട്ടീസ് നല്കിയിട്ടുണ്ട്. വിതരണക്കാരുടെ സമരം പെട്ടെന്ന് ഒത്തുതീർപ്പാക്കാനായില്ലെങ്കിൽ ഇതുംകൂടി ചേർന്ന് ഈ മാസം റേഷൻ വിതരണം തന്നെ മുടങ്ങുന്ന അവസ്ഥയാകും.