കൊയ്യാൻ പാകമായ നെൽക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചു
1495917
Friday, January 17, 2025 1:04 AM IST
തൃക്കരിപ്പൂർ: കൊയോങ്കര പാടശേഖരത്തിലെ എടാട്ടുമ്മലിൽ കൊയ്യാൻ പാകമായ നെൽക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചു. എടാട്ടുമ്മലിലെ മാമുനി സാവിത്രിയുടെ രണ്ടാഴ്ചക്കകം കൊയ്യേണ്ട ചിറ്റേനി നെൽക്കൃഷിയാണ് കുണിയൻ പുഴയിൽ നിന്നും ഉപ്പുവെള്ളം കയറി പൂർണമായും നശിച്ചത്.
തൊട്ടടുത്ത വയലിൽ മാമുനി രാജേഷിന്റെ വെള്ളരി ഉൾപ്പെടെയുള്ള പച്ചക്കറി കൃഷിയിടത്തിലേക്കും ഉപ്പുവെള്ളം കയറിയിട്ടുണ്ട്.
തൃക്കരിപ്പൂർ കൃഷി ഓഫീസർ എ. രജിനയുടെ നേതൃത്വത്തിൽ കൃഷി വകുപ്പ് അധികൃതരും ജനപ്രതിനിധികളും പാടശേഖരത്തിലെത്തി. തലിച്ചാലം അണക്കെട്ടിലൂടെ കുണിയൻ പുഴയിലേക്ക് ഉപ്പുവെള്ളം കയറിയാണ് കൃഷി നാശമുണ്ടായത്. ഇവിടെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമിക്കണമെന്ന ആവശ്യം കർഷകർ വർഷങ്ങളായി ഉന്നയിച്ചു വരുന്നതാണ്.