മാലിന്യസംസ്കരണ അപാകത: പിഴ ചുമത്തി
1486426
Thursday, December 12, 2024 3:32 AM IST
കാസര്‍ഗോഡ്: ഉപയോഗ ജലം കൃത്യമായി സംസ്കരിക്കാതെ തുറസായ സ്ഥലത്തേക്ക് ഒഴുക്കി വിട്ടതിന് വിദ്യാനഗറിലെ അപ്പാര്‍ട്ട്മെന്റ് ഉടമയ്ക്ക് 20,000 രൂപ പിഴ ചുമത്തി.
ആദ്യ പരിശോധനയില്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് 5000 രൂപ പിഴ ചുമത്തി ഉറവിടത്തില്‍ തന്നെ സംസ്കരിക്കുന്നതിന് സംവിധാനം ഉണ്ടാക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇടവേളകള്‍ക്ക് ശേഷം നിയമലംഘനം തുടരുന്നത് സംബന്ധിച്ച് പരാതി ലഭിച്ചതിന് തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തിയത്. ഉറവിട മാലിന്യ സംസ്കരണത്തിന് സംവിധാനം ഒരുക്കാതെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ക്വാര്‍ട്ടേഴ്സുകള്‍ക്ക് മുന്നില്‍ കൂട്ടിയിടുകയും ജൈവമാലിന്യങ്ങള്‍ യഥാവിധി സംസ്കരിക്കാതിരിക്കുകയും ചെയ്തതിന് നെല്ലിക്കുന്നിലെ കോംപ്ലക്സ് ഉടമയ്ക്കും മാലിന്യം വേര്‍തിരിച്ച് ഹരിത കര്‍മസേനയ്ക്ക് നല്‍കാത്തതിന് പ്രസ് ക്ലബ് ജംഗ്ഷനിലെ കോംപ്ലക്സ് ഉടമയ്ക്കും 10,000 രൂപ വീതം പിഴ ചുമത്തി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കത്തിച്ചതിന് കുമ്പളയിലെ ഹോസ്പിറ്റല്‍, മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാലിലുള്ള ക്വാര്‍ട്ടേഴ്സുകള്‍ക്കും 5000 രൂപ വീതം പിഴ ചുമത്തി.
മൊഗ്രാലിലെ ഷോപ്പിംഗ് കോംപ്ലക്സ്, ക്വാര്‍ട്ടേഴ്സ്, കുമ്പളയിലെ ആശുപത്രി, സര്‍വീസ് സ്റ്റേഷന്, പിലിക്കോടിലുള്ള മിനി മാര്‍ട്ട് എന്നീ സ്ഥാപന ഉടമകള്‍ക്ക് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തതിന് 2000 രൂപ വീതം ഉടനടി പിഴ നല്‍കിയിട്ടുണ്ട്. ജൈവ അജൈവമാലിന്യങ്ങള്‍ തരംതിരിച്ച് കയ്യൊഴിയാതെ കൂട്ടിയിട്ട് കത്തിച്ചതിന് പള്ളിക്കരയിലെ ക്വാര്‍ട്ടേഴ്സ് ഉടമയ്ക്കും കോംപ്ലക്സ് ഉടമയ്ക്കും 5000 രൂപ വീതം പിഴ ചുമത്തി. പരിശോധനയില്‍ ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്, ലീഡര്‍ കെ.വി. മുഹമ്മദ് മദനി, ക്ലാര്‍ക്കുമാരായ വി. ജിജിന്, വി.ആര്. രാഗിഷ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. രശ്മി, ടി. അംബിക, പി.വി. സൗമ്യ, ഡോണ്‍സ് കുര്യാക്കോസ്, സ്ക്വാഡ് അംഗം ഇ.കെ. ഫാസില്‍ എന്നിവര്‍ പങ്കെടുത്തു.