ജവജീവൻ മിഷൻ, സിറ്റി ഗ്യാസ്.. പ്രാദേശിക റോഡുകൾക്ക് കഷ്ടകാലം
1486418
Thursday, December 12, 2024 3:32 AM IST
കാഞ്ഞങ്ങാട്: പ്രാദേശിക റോഡുകളിൽ മിക്കതും മെക്കാഡം ടാറിംഗിലേക്ക് മാറിയതിനാൽ ഒരു മഴക്കാലം കഴിയുമ്പോഴും വലിയ പ്രശ്നമില്ലാത്ത നിലയിലായിരുന്നു. പക്ഷേ മഴക്കാലം ഏതാണ്ട് കഴിഞ്ഞതിനു തൊട്ടുപിന്നാലെ മിക്കയിടങ്ങളിലും ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടുന്ന ജോലി തുടങ്ങി.
നഗരത്തോടു ചേർന്നുകിടക്കുന്ന അജാനൂർ പഞ്ചായത്തിലെ വെള്ളിക്കോത്ത് ഭാഗത്ത് സിറ്റി ഗ്യാസ് പദ്ധതിയുടെ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിനായി റോഡുകളുടെ വശങ്ങളിലും കുറുകെയുമെല്ലാം കുഴിയെടുത്തു. ഇടയ്ക്ക് വെയിലിന് കാഠിന്യമേറിയപ്പോൾ പൊടിശല്യവും വീണ്ടും മഴ പെയ്തപ്പോൾ ചെളിക്കുഴികളുമാണ് ഇപ്പോൾ മിക്ക റോഡുകളിലും.
മാസങ്ങൾക്കു മുമ്പ് ജലജീവൻ മിഷൻ പദ്ധതിക്കായി പൈപ്പിടൽ നടത്തിയതിനു തൊട്ടുപിന്നാലെയാണ് വെള്ളിക്കോത്ത് സിറ്റി ഗാസ് പദ്ധതിക്കായും റോഡിന്റെ വശങ്ങൾ വെട്ടിക്കീറിയത്. മിക്കയിടങ്ങളിലും റോഡിന്റെ വശങ്ങൾക്ക് വീതി കുറവായതിനാൽ ടാറിംഗ് ഉള്ള ഭാഗം തന്നെ വെട്ടിപ്പൊളിച്ചാണ് കുഴിയെടുത്തത്. സിറ്റി ഗ്യാസ് പദ്ധതിയുടെ കരാർ ഏറ്റെടുത്ത അദാനി ഗ്യാസിന്റെ കരാറുകാർ രാത്രികാലങ്ങളിൽപോലും പണി തുടർന്നതിനാൽ കുഴിയെടുക്കുന്നതിന് തൊട്ടുപിന്നാലെ തന്നെ പോളിഎത്തിലീൻ പൈപ്പുകൾ സ്ഥാപിച്ച് മണ്ണിട്ടുമൂടി കുഴികളടക്കുകയും ചെയ്തിരുന്നു.
എന്നാൽ നിരന്തരം വാഹനങ്ങൾ ഓടുന്ന റോഡിൽ ഇതോടെ പൊടിശല്യം അസഹനീയമായി. തൊട്ടടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്തതോടെ കുഴിയെടുത്ത ഭാഗങ്ങളിലേറെയും ഇടിഞ്ഞുതാഴ്ന്ന് അപകടഭീഷണിയിലായി. ഒരു സ്കൂൾ ബസിന്റെ ചക്രങ്ങൾ കുഴിയിൽ താഴ്ന്ന് അപകടമുണ്ടാവുകയും ചെയ്തു. ഇതിനുശേഷം കരാറുകാർ തന്നെ കുഴിയെടുത്ത ഭാഗങ്ങളിൽ മുകൾത്തട്ടിലെ മണ്ണ് നീക്കംചെയ്ത് പകരം കോൺക്രീറ്റ് മിശ്രിതം നിറച്ച് ഉറപ്പിക്കുകയാണ് ചെയ്തത്.
റോഡിനു കുറുകേ വെട്ടിപ്പൊളിച്ച ഭാഗങ്ങളിലും ഇങ്ങനെ കോൺക്രീറ്റ് മിശ്രിതം നിറച്ചിട്ടുണ്ട്. ഇതോടെ താത്കാലികമായി കുഴികളടച്ചെങ്കിലും ഇനി ഇതിനു മുകളിൽ വീണ്ടും ടാറിംഗ് നടത്തിയാൽ മാത്രമേ റോഡ് സാധാരണ നിലയിലാവുകയുള്ളൂ. അല്ലാത്തപക്ഷം നിരന്തരമായി വാഹനങ്ങൾ കടന്നുപോകുമ്പോൾ കോൺക്രീറ്റ് മിശ്രിതത്തിലെ മെറ്റലുകൾ ഇളകി വീണ്ടും കുഴികളാകും. കുഴികളെടുത്ത സമയത്ത് റോഡിൽ നിക്ഷേപിച്ച മണ്ണിൽ നലലൊരു ഭാഗവും ടാറിട്ട ഭാഗത്ത് ഒട്ടിപ്പിടിച്ച നിലയിലാണ്. ഇത് മാറണമെങ്കിലും ഇനി റീടാറിംഗ് നടത്തുക മാത്രമേ വഴിയുള്ളൂ.
തൊട്ടടുത്ത പുല്ലൂർ-പെരിയ പഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിക്കായാണ് റോഡുകൾ വെട്ടിപ്പൊളിച്ചിരിക്കുന്നത്. റോഡുകളുടെ വശങ്ങളിലും കുറുകേയുമെല്ലാം വെട്ടിക്കീറിയിട്ടുണ്ട്. ഈ സ്ഥലങ്ങളിലെല്ലാം മണ്ണിട്ടു മൂടുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരിടത്തും കോൺക്രീറ്റ് മിശ്രിതമിട്ട് കുഴിയടച്ചിട്ടില്ല. പുല്ലൂർ-മീങ്ങോത്ത് റോഡിൽ ഒരു കിലോമീറ്റർ ദൂരത്തിനുള്ളിൽ ഏഴിടങ്ങളിലാണ് റോഡിനു കുറുകെ വെട്ടിപ്പൊളിച്ചിട്ടുള്ളത്. ഈ സ്ഥലങ്ങളെല്ലാം മണ്ണിട്ടു നികത്തുക മാത്രമേ ചെയ്തിട്ടുള്ളൂ. മിക്കയിടങ്ങളിലും മഴ പെയ്തതോടെ മണ്ണ് ഇടിഞ്ഞുതാഴ്ന്ന് കുഴികൾ രൂപപ്പെടുകയും ചെയ്തു.
പുല്ലൂർ ഉദയനഗറിൽ കഴിഞ്ഞ ദിവസം സ്വകാര്യ ബസിന്റെ ചക്രങ്ങൾ റോഡരികിലെ കുഴിയിൽ താഴ്ന്ന് അപകടമുണ്ടായിരുന്നു. കൊടവലം-കാഞ്ഞങ്ങാട് റൂട്ടിലോടുന്ന ശ്രീലകം ബസാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെയെല്ലാം ഇറക്കിയ ശേഷം ക്രെയിൻ കൊണ്ടുവന്നാണ് ബസ് ഉയർത്തിയെടുത്തത്. ഇരുചക്രവാഹനങ്ങൾ കുഴികളിൽ തെന്നിവീഴുന്നത് നിത്യസംഭവമാണ്.
എല്ലാ ഭാഗങ്ങളിലും കുടിവെള്ള പദ്ധതിയുടെ പൈപ്പിടൽ ജോലികൾ പൂർത്തിയായതിനു ശേഷം റോഡുകളുടെ അറ്റകുറ്റപണികൾ നടത്താമെന്നാണ് അധികൃതരുടെ വാഗ്ദാനം. എന്നാൽ എല്ലാ ജോലികളും പൂർത്തിയാകാൻ കാത്തുനിൽക്കാതെ താത്കാലിക അറ്റകുറ്റപണികളെങ്കിലും നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.