മലയോരത്തു നിന്നും സിനിമയൊരുക്കാം
1486276
Wednesday, December 11, 2024 8:03 AM IST
കാസര്‍ഗോഡ്: സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി ഇനി കൊച്ചിയിലേക്ക് വണ്ടി കയറേണ്ട. ജില്ലയിലെ ആദ്യ സിനിമ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റുഡിയോ ചിറ്റാരിക്കാല്‍ ഈട്ടിത്തട്ടില്‍ ഒരുങ്ങി. ഡബ്ല്യുഎംസി (വേള്‍ഡ് ഓഫ് മ്യൂസിക് ആന്‍ഡ് സിനിമ) എന്നു പേരിട്ടിരിക്കുന്ന സ്റ്റുഡിയോ 16നു രാവിലെ 11നു ഫിലിം എഡിറ്റര്‍ രഞ്ജന്‍ ഏബ്രഹാം ഉദ്ഘാടനം ചെയ്യും.
സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂര്‍ മുഖ്യാഥിതിയായിരിക്കും. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി അധ്യക്ഷത വഹിക്കും. തോമാപുരം സെന്റ് തോമസ് ഫൊറോന വികാരി റവ. ഡോ. മാണി മേല്‍വെട്ടം അനുഗ്രഹഭാഷണം നടത്തും.
എഡിറ്റിംഗ്, റിക്കാർഡിംഗ്, ഡബ്ബിംഗ്, മിക്സിംഗ് തുടങ്ങി ഒരു സിനിമയുടെ പൂര്‍ത്തീകരണത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും സ്റ്റുഡിയോയില്‍ ക്രമീകരിച്ചിരിക്കുന്നു.
സിനിമാ പ്രവര്‍ത്തര്‍ക്ക് താമസിച്ചുകൊണ്ട് ജോലി ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അത്യാധുനിക സംവിധാനങ്ങളോടു കൂടിയ റിക്കാര്‍ഡിംഗ് സംവിധാനങ്ങളും പരിചയസമ്പന്നരായ ടെക്നീഷ്യന്മാരുടെ സേവനവും ഉള്‍പ്പെടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ തന്നെ ഡബ്ല്യുഎംസിയില്‍ നിന്നും സിനിമ പൂര്‍ത്തീകരിക്കാനാകുമെന്ന് സ്റ്റുഡിയോ ഉടമ ജസ്റ്റിന് തോമസ്, പ്രസാദ് മുദ്ര എന്നിവര്‍ പത്രസമ്മേളനത്തിന് അറിയിച്ചു.