കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടില്‍ യാത്ര ഇനി സൂപ്പര്‍ കൂള്‍
1485398
Sunday, December 8, 2024 6:47 AM IST
ബന്തടുക്ക: നഷ്ടത്തിന്റെ പേര് ബസ് വ്യവസായം പലരും അവസാനിപ്പിക്കുന്ന കാലത്ത് തന്റെ ലൈന്‍ബസ് ശീതീകരിച്ച് പ്രവാസി യുവാവ്. പൊയിനാച്ചി സ്വദേശി ശ്രീജിത് പുല്ലായിക്കോടിയാണ് കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടിലോടുന്ന തന്റെ ശ്രീകൃഷ്ണ ബസില്‍ ലക്ഷ്വറി യാത്ര പ്രദാനം ചെയ്യുന്നത്. ഒരിക്കല്‍ സ്വന്തം ബസുമായി ബന്തടുക്കയില്‍ നിന്നും യാത്ര ആരംഭിച്ച ശ്രീജിത് കാസര്‍ഗോഡ് എത്തിയപ്പോഴേക്കും ചൂടില്‍ വെന്തുരുകി. ഡ്രൈവര്‍ സീറ്റിനു മുകളില്‍ ഫാന്‍ ഉണ്ടായിട്ടും തന്റെ അവസ്ഥ ഇതാണെങ്കില്‍ യാത്രക്കാരുടെ അവസ്ഥ എന്താകുമെന്ന് ശ്രീജിത് ചിന്തിച്ചു. അന്നു തന്നെ മനസില്‍ വിചാരിച്ചു, പുതിയ ബസ് ഇറക്കുമ്പോള്‍ എസി ബസ് ആയിരിക്കണമെന്ന്. എസി ബസിനെ പറ്റി അന്വേഷണങ്ങള്‍ നടത്തി. സോളാറില്‍ നിന്നുള്ള എസി അത്ര ഫലപ്രദമല്ലെന്ന് കണ്ടെത്തിയതോടെ മറ്റു രീതിയിലേക്ക് അന്വേഷണം നടത്തി. തൃശൂരില്‍ ആളെ കണ്ടെത്തി പണി ആരംഭിച്ചു.
അങ്ങനെ കേരളത്തിലെ ആദ്യത്തെ ഹൈബ്രിഡ് എസി ബസ് കാസര്‍ഗോഡ്-ബന്തടുക്ക റൂട്ടില്‍ കൂളായി സര്‍വീസ് ആരംഭിച്ചു. യാത്രക്കാരും ഹാപ്പി. ടൂറിസ്റ്റ് ബസുകളില്‍ ഹൈബ്രിഡ് എസി ഉണ്ടെങ്കിലും ലോക്കല്‍ സര്‍വീസ് നടത്തുന്ന ബസില്‍ ഇങ്ങനെ ആദ്യമാണെന്ന് ശ്രീജിത്ത് പറയുന്നു. ശ്രീകൃഷ്ണ എന്ന പുത്തന്‍ ബസാണ് ശീതീകരണ സംവിധാനത്തോടെ കാസര്‍ഗോഡ് നിന്നു മലയോര ഗ്രാമമായ ബന്തടുക്കയിലേക്ക് സര്‍വീസ് നടത്താന്‍ തുടങ്ങിയത്.
ബസ് ശീതീകരിക്കാന് ആറു ലക്ഷം രൂപയാണ് ചെലവാക്കിയത്. മികച്ച വരുമാനം കിട്ടിയാല്‍ ഒരു വര്‍ഷം കൊണ്ട് തന്നെ ഇത് മുതലാക്കാന്‍ കഴിയും എന്ന പ്രതീക്ഷയിലാണ് ശ്രീജിത്ത്. അതിനു കഴിഞ്ഞില്ലെങ്കിലും താന്‍ ഹാപ്പി ആണെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ ദിവസവും നാലു ട്രിപ്പുകളാണ് ബസിനുള്ളത്. രാവിലെ 6.30നാണ് ബസ് സര്‍വീസ് തുടങ്ങുക. ആ സമയത്ത് വെയില് ഇല്ലാത്തതിനാല്‍ എസി പ്രവര്‍ത്തിപ്പിക്കില്ല. വെയില് വന്ന് അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓണ്‍ ചെയ്യും.
പൊയിനാച്ചി സ്വദേശിയായ ശ്രീജിത്തിന്റെ അമ്മാവന് വര്‍ഷങ്ങൾക്ക് മുന്നേ ബസ് ഉണ്ടായിരുന്നു. ഇതു കണ്ടാണ് ശ്രീജിത് വളര്‍ന്നത്. ഒപ്പം ബസ് പ്രേമവും വളര്‍ന്നു.
അങ്ങനെ വര്‍ഷങ്ങള്‍ക്കിപ്പുറം ബസ് മുതലാളിയുമായി. ഇപ്പോള്‍ രണ്ടു ബസുകള്‍ സ്വന്തമായുണ്ട്. തനിക്ക് ഇനിയും ബസുകള്‍ നിരത്തില്‍ ഇറക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റിലും ശ്രീജിത്ത് ഡ്രൈവര്‍ ആണ്.