റിക്കവറിയുടെ പേരില്‍ പോലീസ് പീഡനം; സ്വര്‍ണവ്യാപാരികള്‍ ഹൈക്കോടതിയിലേക്ക്
1486275
Wednesday, December 11, 2024 8:03 AM IST
കാസര്‍ഗോഡ്: നിയമാനുസൃതം ബില്ല് എഴുതി ടാക്സ് നല്കി വ്യാപാരം നടത്തികൊണ്ടിരിക്കുന്ന സ്വര്‍ണ വ്യാപാരികളെ റിക്കവറിയുടെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്നും ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
മാറ്റി എടുക്കാനായി പഴയ സ്വര്‍ണാഭരണങ്ങളുമായി വരുന്ന ഉപഭോക്താവിന്റെ കൈയിലുള്ളത് കളവ് മുതലാണോ സ്വന്തമായുള്ളതാണോ എന്നു തിരിച്ചറിയാന്‍ വ്യാപാരികള്‍ക്ക് യാതൊരു മാര്‍ഗവും ഇല്ലന്നിരിക്കെ ആ വ്യാപാരം നടത്തി കൊടുക്കാന്‍ വ്യാപാരി ബാധ്യസ്ഥനാവുന്നു.
ഇത്തരത്തില്‍ മാറ്റി എടുത്ത് പകരം നല്കിയ സ്വര്‍ണാഭരണങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം പോലീസ് കള്ളനുമായി ജ്വല്ലറിയില്‍ വന്ന് അത് കളവ് മുതലാണെന്ന് പറഞ്ഞു കൊണ്ട് സ്വര്‍ണം തിരിച്ചു നല്കാന് നിര്‍ബന്ധിക്കുകയും തയാറാവാത്ത പക്ഷം പ്രതിയാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
പ്രതി കടയില്‍ നിന്നും മാറ്റി എടുത്തു കൊണ്ടുപോയ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് യാതൊരു ശ്രമവും നടത്തുന്നില്ല. ഇതുമൂലം വ്യാപാരിക്ക് താങ്ങാനാവാത്ത സാമ്പത്തിക നഷ്ടവും മാനഹാനിയും സംഭവിക്കുന്നു.
വ്യക്തിവിരോധത്തിന്റെ പേരില്‍ ഒരു വ്യാപാരിയുടെ പേര് കള്ളന് പറയുകയാണെങ്കില്‍ അതു വിശ്വസിച്ച് പോലീസ് കള്ളനുമായി വന്നു സ്വര്‍ണം ആവശ്യപ്പെടുന്ന അനുഭവങ്ങളും ഉണ്ടാവാറുണ്ട്.
ഒരു കേസിനു വേണ്ടി റിക്കവറി ചെയ്ത സ്വര്‍ണം മറ്റൊരു കേസിനു വേണ്ടി തൊണ്ടിമുതലായി മാറ്റാന്‍ പറ്റുന്ന വിചിത്ര സാഹചര്യവും സ്വര്‍ണ കളവ് കേസില്‍ പോലീസ് നടത്താറുണ്ട്. ഇത്തരത്തില്‍ ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് കര്‍ണാടക പോലീസിന്റെ ഭാഗത്തു നിന്നാണ്.
കേസിന്റെ എഫ്ഐആര്‍ മാത്രം കാണിച്ചുകൊണ്ട് പല ജ്വല്ലറികളില്‍ നിന്നും റിക്കവറി നടത്തുന്നു. പ്രതിയുടെ കുറ്റസമ്മതമൊഴി കടക്കാരനെ കാണിക്കണമെന്ന് നിയമം നിലനില്‍ക്കെ ഇതു കാണിക്കാന്‍ പോലീസ് തയാറാവാത്തതാണ് കൃത്രിമം നടത്താന്‍ പോലീസിന് സാധിക്കുന്നത്.
പരിചയമില്ലാത്ത ആള്‍ക്കാരില്‍ നിന്നോ അന്യനാട്ടുകാരില്‍ നിന്നോ യാതൊരു കാരണവശാലും സ്വര്‍ണാഭരണം വിലയ്ക്ക് വാങ്ങരുതെന്ന് സംഘടന അംഗങ്ങള്‍ക്ക് എല്ലായിപ്പോഴും നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ്, എകെജിഎസ്എംഎ ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്‍ കരീം, ജനറല്‍ സെക്രട്ടറി കോടോത്ത് അശോകന് നായര്‍, ട്രഷറര്‍ ബി.എം. അബ്ദുള്‍ കബീര്‍, വൈസ് പ്രസിഡന്റ് എ. അബ്ദുള്‍ ഹമീദ്, യൂണിറ്റ് പ്രസിഡന്റ് ജി.വി. നാരായണന് എന്നിവര്‍ സംബന്ധിച്ചു.