കാലംതെറ്റിയ മഴ കാർഷിക വിളകൾക്ക് ദോഷകരമാകുന്നു
1486420
Thursday, December 12, 2024 3:32 AM IST
കാഞ്ഞങ്ങാട്: മാവും പ്ലാവുമെല്ലാം പൂവിട്ടുതുടങ്ങുന്ന സമയത്താണ് ഓർക്കാപ്പുറത്ത് വീണ്ടും അതിശക്തമായി മഴ പെയ്തത്. പലയിടങ്ങളിലും പൂക്കളും കണ്ണിമാങ്ങകളുമെല്ലാം മഴയ്ക്കൊപ്പം നിലംപൊത്തി. ഒരുപാട് പൂക്കൾ വാടിക്കൊഴിഞ്ഞു. കുഞ്ഞുചക്കകളും പ്ലാവിൻചോട്ടിൽ കരിഞ്ഞുവീണു കിടക്കുന്നു.
നീണ്ടുപോയ വേനൽക്കാലത്തിനു ശേഷം ഇത്തവണ സാമാന്യം മഴയും അതുകഴിഞ്ഞ് സാധാരണപോലെ വെയിലും മഞ്ഞുകാലവും തുടങ്ങിയപ്പോൾ കാലാവസ്ഥാമാറ്റം മൂലമുള്ള ഉത്പാദനക്കുറവ് കാര്യമായിട്ടുണ്ടാവില്ലെന്ന് പ്രതീക്ഷിച്ച കർഷകർക്ക് വീണ്ടും നിരാശ നൽകുകയാണ് ഈ മാസത്തിൽ കാലംതെറ്റി പെയ്ത മഴ.
കാലംതെറ്റിയ മഴ കുരുമുളകിനും കമുകിനും റബറിനുമെല്ലാം ദോഷകരമാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും പകുതി മൂപ്പെത്തിയ കുരുമുളക് തിരികൾ കൊഴിഞ്ഞുവീണു. ഫംഗസ് ബാധയും ദ്രുതവാട്ടവും തണ്ടുചീയലും കൂടുതലായി. കമുകിന്റെ കാര്യത്തിലും കുമിൾരോഗങ്ങളും മഞ്ഞളിപ്പും പാകമാകാത്ത അടയ്ക്കകൾ കൊഴിഞ്ഞുവീഴുന്നതും വ്യാപകമായി. പലയിടങ്ങളിലും കൊയ്ത്തിനു പാകമായ നെൽക്കതിരുകൾ പോലും വെള്ളത്തിലായി.
കൊയ്ത്തുകഴിഞ്ഞ് വേനൽക്കാല പച്ചക്കറി കൃഷി തുടങ്ങിയ സ്ഥലങ്ങളിൽ പച്ചക്കറി തൈകളിൽ പലതും ചീഞ്ഞുനശിച്ചു. അവശേഷിച്ചവയ്ക്കും ആരോഗ്യം നഷ്ടമായി. പല കർഷകരും ഇക്കൊല്ലത്തെ പച്ചക്കറി കൃഷി വീണ്ടും ഒന്നിൽനിന്ന് തുടങ്ങേണ്ട അവസ്ഥയിലാണ്.