പുലികൾക്കൊപ്പം സഹജീവനം
1485682
Monday, December 9, 2024 7:24 AM IST
ഇരിയണ്ണി: കാട്ടാനകളും കാട്ടുപന്നിയുമടക്കമുള്ള വന്യമൃഗങ്ങൾ നിരന്തരം ജനവാസകേന്ദ്രങ്ങളിലിറങ്ങുന്നതിനെക്കുറിച്ച് പരാതി ഉയർന്നപ്പോൾ ജനങ്ങൾ വന്യമൃഗങ്ങൾക്കൊപ്പം സഹജീവനം ശീലിക്കണമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞ് വിവാദമാക്കിയത് ഏതാനും വർഷങ്ങൾക്കുമുമ്പാണ്. അന്നത്തെ സ്ഥിതിയിൽനിന്ന് കൂടുതൽ ഗുരുതരമായ അവസ്ഥയിൽ പുലികൾക്കൊപ്പം സഹജീവനം ശീലിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ജില്ലയുടെ മലയോരമേഖലയിലെ ജനങ്ങൾ.
കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ പാർട്ട് ടൈം ജീവനക്കാരിയായ കൊട്ടംകുഴിയിലെ
കെ. ശാരദ കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ജോലി കഴിഞ്ഞ് വനപാതയിലൂടെ വീട്ടിലേക്ക് നടന്നുപോകുമ്പോൾ രണ്ട് പുലികളെയാണ് മുന്നിൽ കണ്ടത്. ഒരു വലിയ പുലിയും ഒരു ചെറുതുമാണ് റോഡ് മുറിച്ചുകടന്ന് നടന്നുപോയതെന്ന് ശാരദ പറയുന്നു. തൊട്ടുമുന്നിൽ മനുഷ്യനെ കണ്ടിട്ടും ഭയന്നോടാൻ പുലികൾ ശ്രമിച്ചില്ലെന്നത് വലിയ അപായ സൂചനയാണ്.
പേടിച്ചരണ്ട ശാരദ അൽപ്പമകലെ കണ്ട വീട്ടിലേക്ക് ഓടിക്കയറി വിവരം പറയുകയായിരുന്നു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടിൽ പുലിയെ കാണുന്നത് പതിവു സംഭവമായതോടെ കാൽപ്പാടുകൾ പരിശോധിച്ചിട്ടും കാര്യമില്ലെന്ന നിലയാണ്.
കൊട്ടംകുഴിയിലെ നൂറോളം കുടുംബങ്ങൾ പതിവായി സഞ്ചരിക്കുന്നത് ഈ വനപാതയിലൂടെയാണ്. സ്കൂൾ കുട്ടികളുൾപ്പെടെ സ്ഥിരമായി നടന്നുപോകാറുണ്ട്. പട്ടാപ്പകൽ പോലും പുലികളിറങ്ങാൻ തുടങ്ങിയാൽ ഇനി എന്താകുമെന്ന കടുത്ത ആശങ്കയിലാണ് നാട്ടുകാർ.
ഇരിയണ്ണി ടൗണിൽ നിന്ന് 250 മീറ്റർ മാത്രം അകലെ വഴിയിലൂടെ നടന്നുപോവുകയായിരുന്ന ഹോട്ടൽ ജീവനക്കാരി ബേപ്പ് നിട്ടൂർമൂലയിലെ കനകയുടെ മുന്നിലേക്ക് പുലി ചാടിവീണത് തൊട്ടുമുന്നേയുള്ള ദിവസമാണ്. പുലർച്ചെ ഏഴേകാലോടെ ഹോട്ടലിൽ ജോലിക്ക് പോവുമ്പോഴായിരുന്നു സംഭവം. ബേപ്പിൽ നിന്ന് ഇരിയണ്ണി ആയുർവേദ ആശുപത്രിയുടെ മുന്നിലേക്ക് വന്നുചേരുന്ന വനപാതയിലൂടെ നടക്കുമ്പോൾ തൊട്ടുമുന്നിൽ ചാഞ്ഞുകിടന്ന മരത്തിനു മുകളിൽനിന്നാണ് പുലി ചാടിവീണത്. ഞെട്ടിപ്പോയ കനക ഉച്ചത്തിൽ നിലവിളിക്കുകയും അതിനിടെ പുലി കാട്ടിലേക്ക് ചാടിമറയുകയുമായിരുന്നു.
കർമംതൊടി-ചെട്ടംകുഴി റോഡിൽ ശനിയാഴ്ച ഉച്ചയോടെ മൂന്ന് പുലികളെയാണ് വാഹനയാത്രക്കാർ കണ്ടതായി പറയുന്നത്. രണ്ട് പുലി റോഡ് മുറിച്ചുകടക്കുന്നതും ഒന്ന് റോഡരികിലെ തണൽമരത്തിന് താഴെ കിടക്കുന്നതുമാണ് കണ്ടത്.
പുലിയെ കണ്ടതായി പറയുന്ന ഇടങ്ങളിലെത്തി കാൽപ്പാടുകൾ പരിശോധിക്കുകയും കാമറ സ്ഥാപിക്കുകയുമാണ് വനംവകുപ്പിന്റെ പതിവുരീതി. ആഴ്ചകൾക്കുമുമ്പ് മുളിയാർ ചോപ്പാലത്ത് പുതുതായി കോൺക്രീറ്റ് ചെയ്ത റോഡ് ഉറക്കുന്നതിനുമുമ്പ് അതിൽ പുലിയുടെ കാൽപ്പാടുകൾ പതിഞ്ഞത് ഇവിടെ പുലിയുണ്ടെന്നതിന്റെ ശാശ്വതമായ തെളിവായി വനംവകുപ്പിനു മുന്നിലുണ്ട്. മുളിയാർ, കാറഡുക്ക പഞ്ചായത്തുകളിലായി നാല് പുലികളെങ്കിലുമുണ്ടെന്ന് വനംവകുപ്പ് തന്നെ സമ്മതിക്കുമ്പോഴും ഒരെണ്ണത്തെ പോലും കൂട്ടിൽ കുടുക്കാൻ കഴിയുന്നില്ല.
പലതവണ പുലിയെ കണ്ട മിന്നംകുളം കുണിയേരിയിൽ കൂട് സ്ഥാപിച്ച് രണ്ടുമാസത്തോളമായിരുന്നു. ഈ കൂടാണ് കഴിഞ്ഞദിവസം കാറഡുക്കയിലെ അടുക്കാത്തൊട്ടിയിലേക്ക് മാറ്റിയത്. വനാതിർത്തികളിൽ പടക്കംപൊട്ടിച്ചു ശബ്ദമുണ്ടാക്കി പുലികളെ ഉൾക്കാട്ടിലേക്ക് തുരത്താൻ ഇടയ്ക്ക് ശ്രമം നടത്തിയെങ്കിലും അതും ഫലം കണ്ടിട്ടില്ലെന്നാണ് ഇപ്പോൾ തെളിയുന്നത്. മനുഷ്യർക്കുതന്നെ അപകടങ്ങളെന്തെങ്കിലും സംഭവിക്കുന്നതിനുമുമ്പ് പുലികളെ ഇവിടെനിന്ന് തുരത്താൻ കൂടുതൽ ഗൗരവമായ നടപടികുണ്ടാകണമെന്ന ആവശ്യം ശക്തമാകുമ്പോഴും വനംവകുപ്പ് നിസംഗത തുടരുകയാണ്.
ഉദുമയിലും പുലിഭീതി
ഉദുമ: തീരദേശ പഞ്ചായത്തായ ഉദുമയിലും ആദ്യമായി പുലിഭീതി. കരിപ്പോടി മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപത്തെ ഒരു വീട്ടിലുള്ളവരാണ് രാത്രി വൈകി വീട്ടുമുറ്റത്തുകൂടി നടന്നുപോയ കാട്ടുപൂച്ചയേക്കാൾ വലിപ്പമുള്ള ജീവിയെ കണ്ടത്. വീടിന്റെ അകത്തുനിന്ന് മൊബൈൽ കാമറയിൽ ചിത്രമെടുക്കുകയും ചെയ്തു. ചിത്രത്തിൽനിന്നും ഇത് സാമാന്യം വലിപ്പമുള്ള കാട്ടുപൂച്ചയാണോ അതോ പുലി തന്നെയാണോ എന്ന കാര്യം വ്യക്തമല്ല. എങ്കിലും തിരുവക്കോളി, കരിപ്പോടി, മുദിയക്കാൽ ഭാഗങ്ങളിലുള്ളവർ ആശങ്കയിലാണ്.