മുഴുവൻ കുട്ടികൾക്കും ബിരിയാണി നൽകി അധ്യാപകരുടെ ജോയിനിംഗ് പാർട്ടി
1486419
Thursday, December 12, 2024 3:32 AM IST
കുമ്പള: ഒരു സ്കൂളിൽ അധ്യാപകർ പുതുതായി ചേരാനെത്തുമ്പോൾ ജോയിനിംഗ് പാർട്ടിയും വിരമിച്ചോ സ്ഥലംമാറിയോ പോകുമ്പോൾ ഫെയർവെൽ പാർട്ടിയുമൊക്കെ നടത്തുന്നത് സ്വാഭാവികമാണ്. പക്ഷേ അതെല്ലാം അധ്യാപകർക്കും സ്കൂളിലെ മറ്റു ജീവനക്കാർക്കും ഇടയിൽ മാത്രം ഒതുങ്ങുകയാണ് പതിവ്. വിദ്യാർഥികൾക്ക് അതിൽ പ്രത്യേകിച്ചൊരു പങ്കും ഉണ്ടാവാറില്ല.
എന്നാൽ വിദ്യാർഥികളില്ലാതെ അധ്യാപകർക്കെന്താഘോഷം എന്നായിരുന്നു മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരുടെ നിലപാട്. ഈ വർഷം സ്കൂളിലേക്ക് പുതുതായെത്തിയ അധ്യാപകർ ജോയിനിംഗ് പാർട്ടി നടത്താൻ തീരുമാനിച്ചപ്പോൾ അതിൽ വിദ്യാർഥികളെയും ഒപ്പം കൂട്ടി. വെറുതേ ഒരു മഞ്ചോ ലഡുവോ കൊടുത്തിട്ടല്ല. സ്കൂളിലെ എല്ലാ കുട്ടികൾക്കും അധ്യാപകർ തന്നെ ബിരിയാണി വിളമ്പി നൽകി. പുതുതായെത്തിയ അധ്യാപകരെ കുട്ടികൾ ഇതിലും സന്തോഷമായി എങ്ങനെ പരിചയപ്പെടാനാണ്.
ഒന്നുമുതൽ ഹയർ സെക്കൻഡറി വരെ ക്ലാസുകളിലായി രണ്ടായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സ്വാദിഷ്ടമായ ബിരിയാണിയൊരുക്കാൻ വിദഗ്ധ പാചകക്കാരെ കൊണ്ടുവന്നിരുന്നു. അധ്യാപകരും പിടിഎ അംഗങ്ങളും രാത്രിയും പകലും അവർക്കൊപ്പം സന്നദ്ധ സേവനം നടത്തി. മുതിർന്ന കുട്ടികളും സഹായിക്കാനെത്തി സ്കൂളിന്റെ കൂട്ടായ്മയ്ക്ക് അടിവരയിട്ടു. അധ്യാപകരും വിദ്യാർഥികളും പിടിഎ, എസ്എംസി, മദർ പിടിഎ അംഗങ്ങളും ഒപ്പമിരുന്ന് ഭക്ഷണം കഴിച്ചു. പാർട്ടി നടത്തിയ ദിവസം പല കാരണങ്ങളാൽ സ്കൂളിലെത്താൻ കഴിയാതിരുന്ന കുട്ടികൾക്ക് ഭക്ഷണപ്പൊതി വീടുകളിൽ എത്തിച്ചു നൽകുകയും ചെയ്തു.