കാസര്‍ഗോഡിനോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണം: എംപി
1485416
Sunday, December 8, 2024 6:57 AM IST
കാസര്‍ഗോഡ്: ഉത്തര മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടു. മലബാറിനോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണന തുടര്‍ക്കഥ ആവുകയാണ്. അതുകാരണം ഏറ്റവുമധികം പ്രയാസം അനുഭവിക്കുന്നത് കാസര്‍ഗോട്ടെ ട്രെയിന്‍ യാത്രികരാണ്.
ഈ ഭാഗത്തേക്ക് വരുന്ന ട്രെയിനുകള്‍ മിക്കതും കണ്ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. കൊങ്കണ്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുകളും ജനറല്‍ കോച്ചുകളും ഇല്ലാത്തതും ട്രെയിന്‍ യാത്രയുടെ ദുരിതം ജില്ലയ്ക്ക് വര്‍ഷങ്ങളായി അനുഭവപ്പെടുന്നു. കണ്ണൂരില്‍ മിക്ക ട്രെയിനുകളും യാത്ര അവസാനിപ്പിക്കുന്നതിനാലും ഉള്ള ട്രെയിനുകളില്‍ ജനല്‍ കമ്പാര്‍ട്ട്മെന്റുകള്‍ കുറവായതിനാലും റിസര്‍വ്ഡ് കമ്പാർട്ട്മെന്റുകളുടെ എണ്ണം കണ്ണൂരിനും മംഗളുരുവിനുമിടയില്‍ വര്‍ധിപ്പിക്കുകയാണെങ്കില്‍ കാസര്‍ഗോഡുകാര്‍ക്ക് അല്പമെങ്കിലും ആശ്വാസമാകും.
വരുമാനം നോക്കി കാസര്‍ഗോഡ് ജില്ലയിലെ സ്റ്റേഷനുകള്‍ക്ക് സ്റ്റോപ്പ് നിഷേധിക്കരുത്. മംഗളുരു സെന്‍ട്രല്‍ ഡെസ്റ്റിനേഷന്‍ സ്റ്റേഷനായതിനാല്‍ കണ്ണൂരിന് ശേഷം ഈ ഡൗണ്‍ റൂട്ടില്‍ സഞ്ചരിക്കുന്ന ദൂരം കുറയുന്നതോടൊപ്പം വരുമാനവും കുറയുന്നതു സ്വാഭാവികമാണ്. കാസര്‍ഗോഡ് സ്റ്റേഷനില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 47 കോടി രൂപയാണ് വരുമാനം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ കാസർഗോഡ് നിന്ന് കണ്ണൂര്‍, മംഗളുരു സ്റ്റേഷനുകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ വളരെ പരിമിതമാണ്. കാസര്‍ഗോഡ് നിന്ന് നിരവധി യാത്രക്കാരാണ് രാവിലെ ട്രെയിനുകളില്‍ കോഴിക്കോട്ടേക്ക് പോകുന്നത്.
എന്നാല്‍ സര്‍വീസുകള്‍ക്കിടയില്‍ നീണ്ട ഇടവേളകള്‍ കാരണം വൈകുന്നേരങ്ങളില്‍ ഇവരുടെ മടക്കയാത്ര ദുഷ്കരമാണ്. വൈകിട്ട് 5.10ന് ശേഷം കോഴിക്കോട് നിന്ന് കാസര്‍ഗോഡ് വരെ പുലര്‍ച്ചെ 1.10ന് മാത്രമാണ് അടുത്ത പ്രതിദിന ട്രെയിന്‍ ഓടുന്നത്. കേരളത്തിന്റെ വടക്കേയറ്റത്തെ അവഗണിച്ചാണ് നിലവിലുള്ള മിക്ക ട്രെയിനുകളും കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കുന്നത്.
കണ്ണൂരിനും മംഗളുരുവിനുമിയിൽ കൂടുതല്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തുകയും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ചില ട്രെയിനുകളുടെ സമയം പുനഃക്രമീകരിക്കുകയും വേണം. മലബാര്‍ മേഖലയില്‍ തിരുവനന്തപുരത്തേക്ക് ആവശ്യത്തിന് രാത്രികാല ട്രെയിന്‍ സര്‍വീസുകളും ഇല്ല. മലബാറില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരുടെ അമിതഭാരം പരിഹരിക്കാന്‍ മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് പ്രതിദിന ട്രെയിനായി ഉയര്‍ത്തണം. വടക്കേ മലബാറിനും തിരുവനന്തപുരത്തിനും ഇടയിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കുന്നതിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ ആവശ്യമാണെന്നും എംപി പറഞ്ഞു.