ഗൂഗിള്‍ വേണ്ട, ഉത്തരങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും കണ്ടെത്തണം: ഋഷിരാജ് സിംഗ്
1486422
Thursday, December 12, 2024 3:32 AM IST
പെരിയ: സിവില്‍ സര്‍വീസസ് പരീക്ഷകള്‍ക്കു വേണ്ടി തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ ഗൂഗിളിനു പകരം പുസ്തകങ്ങളെ ആശ്രയിക്കണമെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്.
കേന്ദ്രസര്‍വകലാശാലയിലെ സിവില്‍ സര്‍വീസസ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ ലീഡ് ഐഎഎസ് തിരുവനന്തപുരവുമായി സഹകരിച്ച് സംഘടിപ്പിച്ച സിവില്‍ സര്‍വീസസ് പരീക്ഷാ പരിശീലന പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃത്യവും സമഗ്രവുമായ ഉത്തരങ്ങളും വിവരങ്ങളും ഗൂഗിളില്‍നിന്നും ലഭിക്കില്ല.
അതിനാല്‍ പുസ്തകങ്ങളില്‍ നിന്നും ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രദ്ധിക്കണം. യുപിഎസ്സി പരീക്ഷകളില്‍ വലിയ മത്സരമാണ് നിലനില്‍ക്കുന്നത്. ലക്ഷക്കണക്കിനാളുകള്‍ പരീക്ഷയെഴുതുമ്പോള്‍ വളരെ ചെറിയ ശതമാനമാണ് പാസാകുന്നത്. അതിനാല്‍ ഗൗരവമായി വേണം പരീക്ഷകളെ സമീപിക്കാന്‍. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാദേശിക ഭാഷയിലും മികവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഡീന്‍ അക്കാഡമിക് പ്രഫ. അമൃത് ജി. കുമാര്‍ ഉദ്ഘാടനം ചെയ്തു. ഡീന്‍ സ്റ്റുഡന്റ്സ് വെല്‍ഫെയര്‍ പ്രഫ. രാജേന്ദ്ര പിലാങ്കട്ട, ലീഡ് ഐഎഎസ് അക്കാഡമിക് ഡീന്‍ വി. ഉണ്ണികൃഷ്ണദാസ്, സിവില്‍ സര്‍വീസസ് അക്കാഡമി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ബി.എസ്. ആശാലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.