കുമ്പള സിഎച്ച്സി ഇപ്പോഴും പഴയ കെട്ടിടത്തിൽ തന്നെ
1485805
Tuesday, December 10, 2024 6:02 AM IST
കുമ്പള: ജില്ലയുടെ വടക്കുഭാഗത്തെ തിരക്കേറിയ ആരോഗ്യകേന്ദ്രങ്ങളിലൊന്നായ കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിന് കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അഞ്ചു കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചിട്ട് രണ്ടുവർഷമാകുന്നു. പദ്ധതിക്ക് രൂപരേഖ തയാറാക്കുന്നതിനോ ഭരണാനുമതിയും സാങ്കേതികാനുമതിയും നേടുന്നതിനോ ഉള്ള യാതൊരുവിധ നടപടിക്രമങ്ങളും നടന്നിട്ടില്ല.
ജില്ലയിലെ ഏതാണ്ടെല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങളെങ്കിലും ഉള്ളപ്പോൾ അതുപോലുമില്ലാത്ത അവസ്ഥയിലാണ് കുമ്പള സിഎച്ച്സി. 75 വർഷത്തോളം പഴക്കമുള്ള ഓടിട്ട കെട്ടിടത്തിലാണ് ദിവസേന 300 ലേറെ പേർ ചികിത്സ തേടിയെത്തുന്ന സിഎച്ച്സി ഇപ്പോഴും പ്രവർത്തിക്കുന്നത്. ഇത് ഒരു മഴ പെയ്താൽപോലും ചോർന്നൊലിക്കുന്ന നിലയിലാണ്.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്തിനു കീഴിലാണ് കുമ്പള സാമൂഹിക ആരോഗ്യ കേന്ദ്രം പ്രവർത്തിക്കുന്നത്. കുമ്പളയിലെയും പരിസരപ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളും കർഷകരുമുൾപ്പെടെയുള്ള സാധാരണക്കാരാണ് ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇവർക്ക് ഏറെ ദുരിതമാകുന്നു. കെട്ടിടം പുതുക്കി പണിയണമെന്നും അടിസ്ഥാനസൗകര്യങ്ങൾ വർധിപ്പിക്കണമെന്നും ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണമെന്നും ആവശ്യമുയരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ ആവശ്യങ്ങൾ ഉന്നയിച്ച് നിരവധി സമര പരിപാടികളും ആരോഗ്യകേന്ദ്രത്തിനു മുന്നിൽ നടന്നിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞവർഷം ജനുവരിയിൽ അഞ്ചുകോടി രൂപയുടെ നവീകരണ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടത്. രണ്ടുവർഷമായിട്ടും ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ലെന്ന കാര്യം അടുത്തിടെ മഞ്ചേശ്വരം താലൂക്ക് വികസന സമിതി യോഗത്തിലും ചർച്ചയായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സമിതി അംഗമായ താജുദ്ദീൻ മൊഗ്രാൽ തഹസിൽദാർക്ക് നിവേദനം നൽകിയിട്ടുണ്ട്.