ചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാത പൊട്ടിപ്പൊളിഞ്ഞ നിലയിൽ
1486274
Wednesday, December 11, 2024 8:03 AM IST
മുള്ളേരിയ: സംസ്ഥാനപാതകളും അന്തർസംസ്ഥാന പാതകളുമൊക്കെ ദേശീയപാതാ നിലവാരം കൈവരിക്കുന്ന കാലമായിട്ടും ചെർക്കള-ജാൽസൂർ അന്തർസംസ്ഥാന പാതയ്ക്ക് ശാപമോക്ഷമില്ല. 39 കിലോമീറ്റർ വരുന്ന റോഡിൽ പകുതിയിലേറെ ഭാഗവും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. മാസ്തിക്കുണ്ട് മുതൽ ശാന്തിനഗർ വരെ റീടാറിംഗ് നടത്തിയിട്ടുണ്ട്.
മുള്ളേരിയ മുതൽ പടിയടുക്ക വരെയുള്ള എട്ടു കിലോമീറ്റർ ഭാഗം മലയോര ഹൈവേയുടെ ഭാഗമായതുകൊണ്ട് അല്പം ഭേദപ്പെട്ട നിലയിലാണ്. അതിനപ്പുറം സംസ്ഥാന അതിർത്തി വരെയുള്ള ഭാഗങ്ങൾ ഏറെക്കുറെ തകർന്നു കിടക്കുകയാണ്. വളവുകൾക്കൊപ്പം റോഡിലെ കുഴികൾ കൂടിയാകുമ്പോൾ അപകട സാധ്യത ഇരട്ടിക്കുന്നു.
കർണാടകയിൽ ഉൾപ്പെട്ട ഭാഗങ്ങളും ഏതാണ്ട് ഇതേ അവസ്ഥയിലാണ്. ഇവിടെ കേരള അതിർത്തിയോടു ചേർന്ന ഭാഗത്ത് ഇത്തവണത്തെ കാലവർഷത്തിന്റെ തുടക്കത്തിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെ തുടർന്ന് രണ്ടുദിവസം ഗതാഗതം പൂർണമായും തടസപ്പെട്ടിരുന്നു.
താത്കാലിക അറ്റകുറ്റപണികൾ നടത്തിയെങ്കിലും ഇപ്പോൾ വീണ്ടും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെട്ട ഭാഗങ്ങളുടെ നവീകരണത്തിന് 100 കോടി രൂപ അനുവദിച്ചതായി മൂന്നുവർഷം മുമ്പ് സി.എച്ച്. കുഞ്ഞമ്പു എംഎൽഎയുടെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും മേൽനടപടികളൊന്നും ഉണ്ടായില്ല. ഈ വർഷം റോഡിന്റെ അറ്റകുറ്റപണികൾക്കു പോലും ഇതുവരെ തുക അനുവദിച്ചിട്ടില്ല. നാട്ടുകാരും വാഹനയാത്രക്കാരും പുലിയും ആനയുമടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് യാത്രചെയ്യുന്ന പാതയിൽ റോഡിന്റെ ശോചനീയാവസ്ഥ കൂടിയാകുമ്പോൾ ആശങ്കകളേറുകയാണ്.