ജില്ലാ ക്ഷീരകര്‍ഷക സംഗമം നാളെമുതല്‍
1486425
Thursday, December 12, 2024 3:32 AM IST
നീലേശ്വരം: ജില്ലാ ക്ഷീര വികസനവകുപ്പിന്റെയും പോസ്റ്റ് ഓഫീസ് ക്ഷീര സഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ മില്‍മ, മൃഗസംരക്ഷണ വകുപ്പ്, കേരള ഫീഡ്സ് എന്നിവരുടെ സഹകരണത്തോടെ ജില്ലാ ക്ഷീര കര്‍ഷകസംഗമം നാളെയും മറ്റന്നാളുമായി കാലിച്ചാമരം ക്ഷീരോത്പാദക സഹകരണസംഘം പരിസരത്ത് നടക്കും.
നാളെ വൈകുന്നേരം 4.30നു കോയിത്തട്ടയില്‍ നിന്നും കാലിച്ചാമരത്തേക്ക് വര്‍ണാഭമായ വിളംബര ജാഥ നടക്കും. ആറിനു ഗാനമേള. 14നു രാവിലെ എട്ടിനു പതാക ഉയര്‍ത്തല്‍, 8.30നു രജിസ്ട്രേഷന്, ഒമ്പതിന് ക്ഷിരോത്പന്ന നിര്‍മാണ പ്രദര്‍ശനം ഉദ്ഘാടനം കിനാനൂര്‍-കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി നിര്‍വഹിക്കും. 9.30ന് ക്ഷീര വികസന സെമിനാര്‍. ക്ഷീര മേഖലയിലെ സംരംഭങ്ങള്‍, കേരള ബാങ്കിന്റെ വിവിധ വായ്പ പദ്ധതികള്‍ എന്നിവ സെമിനാറില്‍ നടക്കും.10.30നു നടക്കുന്ന പൊതുസമ്മേളനം ക്ഷീര വികസനമന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഇ. ചന്ദ്രശേഖരന് എംഎല്‍എ അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി മുഖ്യാതിഥിയാകും.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്തിനെ സി.എച്ച്. കുഞ്ഞമ്പു എംഎല്‍എയും ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച പഞ്ചായത്തിനെ എം.രാജഗോപാലന്‍ എംഎല്‍എയും ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്‍ഷകനെ എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എയും ഏറ്റവും കൂടുതല്‍ പാല് അളന്ന ക്ഷീരകര്‍ഷകയെ എ.കെ.എം. അഷ്റഫ് എംഎല്‍എയും കൂടുതല്‍ പാല് അളന്ന എസ്സി, എസ്ടി കര്‍ഷകനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും ആദരിക്കും. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാല് സംഭരിച്ച ആപ്കോസ് ക്ഷീര സഹകരണ സംഘത്തിനുള്ള അവാര്‍ഡ് ദാനം മില്‍മ ചെയര്മാന് കെ.എസ്. മണി നിര്‍വഹിക്കും.