കാണിയൂര്‍ പാത: ഇടപെടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി
1486264
Wednesday, December 11, 2024 8:03 AM IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്-പാണത്തൂര്‍- കാണിയൂര്‍ റെയില്‍പാത വിഷയത്തില്‍ ഇടപെടുമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ്, കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റ് സി.കെ. ആസിഫ് എന്നിവരുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാടിന്റെ റെയില്‍വേ വികസനം സംബന്ധിച്ച് നല്കിയ നിവേദനം സ്വീകരിച്ചുകൊണ്ട് ജനങ്ങൾക്ക് ഉറപ്പ് നൽകി.
കാഞ്ഞങ്ങാട്- ബംഗളുരു യാത്രാസമയം ആറുമണിക്കൂറായി ചുരുങ്ങുന്നതും മലയോര മേഖലയ്ക്ക് വലിയ തോതില്‍ പ്രയോജനം ലഭ്യമാക്കുന്നതുമാണ് കാഞ്ഞങ്ങാട്- കാണിയൂര്‍ റെയില്പാതയെന്ന്് ചൂണ്ടിക്കാട്ടി.
സര്‍വേ നടപടികള്‍ പൂര്‍ത്തിയാകുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട്- കാണിയൂര്‍ പാതയോട് കേന്ദ്ര റെയില്‍വേ മന്ത്രാലയവും ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരും കാട്ടുന്ന അലംഭാവ സമീപനത്തില്‍ എംപിയുടെ അടിയന്തര നടപടിയുണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.
റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുതകുന്ന അമൃത ഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക, ബേക്കല്‍കോട്ട, തലക്കാവേരി, റാണിപുരം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള കവാടമായ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനെ ടൂറിസ്റ്റ് ഹബ്ബാക്കുക തുടങ്ങിയ ആവശ്യങ്ങളും നിവേദനത്തില്‍ ഉന്നയിച്ചു.