കമുകുകൾക്ക് വീണ്ടും മഞ്ഞളിപ്പ് രോഗം
1485802
Tuesday, December 10, 2024 6:02 AM IST
കാസർഗോഡ്: ചെറിയ ഇടവേളയ്ക്കുശേഷം കമുകുകൾക്ക് വീണ്ടും മഞ്ഞളിപ്പ് രോഗം പടരുന്നു. ചെങ്കള, മുളിയാർ പഞ്ചായത്തുകളിലാണ് രോഗം വീണ്ടും വ്യാപകമായത്. ചെങ്കള പാടിയിൽ അടുത്ത കാലത്തായി നൂറുകണക്കിന് കമുകുകളാണ് രോഗം വന്ന് നശിച്ചത്.
കമുകിൻപട്ടകൾ മഞ്ഞനിറത്തിലാകുന്നതും അടയ്ക്കകൾ മൂപ്പെത്താതെ കൊഴിയുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ കമുകുകളുടെ തലപ്പ് തന്നെ ഉണങ്ങിവീഴുന്നു.
കാർഷികവിളകളുടെ പൊതുവേയുള്ള വിലത്തകർച്ചയ്ക്കിടയിൽ അടയ്ക്കയെ ആശ്വാസമായി കണ്ടിരുന്ന കാസർഗോഡിന്റെ മലയോരമേഖലയ്ക്ക് ഇത് കനത്ത പ്രഹരമാകുകയാണ്. അടയ്ക്കക്ക് മികച്ച വില ലഭിക്കുമ്പോഴും ഉത്പാദനവും തൂക്കവും കുറയുന്നതും കമുകുകൾ ഉണങ്ങി നശിക്കുന്നതും വലിയ തിരിച്ചടിയാകുന്നു.
മേൽമണ്ണിലെ മൂലകങ്ങളുടെ കുറവും ലവണാംശത്തിലുണ്ടാകുന്ന വ്യത്യാസവുമാണ് മഞ്ഞളിപ്പിന് പ്രധാന കാരണമായി കൃഷിവകുപ്പ് പറയുന്നത്. മഴക്കാലത്ത് തോട്ടങ്ങളിൽ വെള്ളംകെട്ടിനില്ക്കുന്നതും കാരണമാകുന്നുണ്ട്. പ്രശ്നം ചെങ്കള കൃഷിഭവന്റെയും ജില്ലാ പ്രിൻസിപ്പൽ അഗ്രിക്കൾച്ചർ ഓഫീസിന്റെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി.