വിവിധ പദ്ധതികള്‍ക്ക് 16.98 കോടി രൂപ അനുവദിച്ചു
1485415
Sunday, December 8, 2024 6:57 AM IST
കാസര്‍ഗോഡ്: കാസര്‍ഗോഡ് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ സ്കൂളുകളുടെയും റോഡുകളുടെയും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്, സ്പോര്‍ട്സ് ബില്‍ഡിംഗ് കോംപ്ലക്സ് എന്നിവയുടെ നിര്‍മാണത്തിനുമായി 16.9833 കോടി രൂപയുടെ ഭരണാനുമതിയായി. ചെമ്മനാട് പഞ്ചായത്തിലെ ചെമ്പരിക്ക ജിയുപി സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 179.15 ലക്ഷം രൂപയും കുറ്റിക്കോല്‍ പഞ്ചായത്തിലെ മാണിമൂല ജിഎല്‍പി സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 113.20 ലക്ഷം രൂപയും ബേഡഡുക്ക പഞ്ചായത്തിലെ കുണ്ടംകുഴി ജിഎച്ച്എസ് സ്കൂളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി 113.20 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
വിദ്യാഭ്യാസ ഉപഡയറക്ടറാണ് പദ്ധതികളുടെ നിര്‍വഹണ ഉദ്യോഗസ്ഥന്. വിദ്യഭ്യാസ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും സകൂള്‍ കെട്ടിടം നിര്‍മിക്കുന്നത്. സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് വൈദ്യുതീകരണം, കുടിവെള്ളം, ശുചീകരണം എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ കാലപ്പഴക്കത്താലും ദേശീയപാത 66 വീതി കൂട്ടുന്നതിന്റെ ഭാഗമായും അസൗകര്യങ്ങളാലും ഏറെ ബുദ്ധിമുട്ടുന്ന കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കാസര്‍ഗോഡ് മുനിസിപ്പാലിറ്റിയിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷന്റെ പുതിയ കെട്ടിട നിര്‍മാണത്തിനായി 499.99 ലക്ഷം രൂപയും മധൂര്‍ പഞ്ചായത്തിലെ കാസര്‍ഗോഡ് സ്പോര്‍ട്സ് ബില്‍ഡിംഗ് കോംപ്ലക്സ് നിര്‍മാണത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി 153.50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഈ രണ്ടു പദ്ധതികള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം വഴിയാണ് നടപ്പിലാക്കുന്നത്.
ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ദേലംപാടി പഞ്ചായത്തിലെ പാണ്ടി- മല്ലംപാറ-പടുപ്പ് റോഡിന്റെ വനപ്രദേശത്ത് ഉള്‍പ്പെടുന്ന 2.5 കിലോമീറ്റര്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനായി 140.29 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വിഭാഗം എക്സി. എന്‍ജിനീയര്‍ നിര്‍വഹണ ഉദ്യോഗസ്ഥനായി ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ മയ്യിച്ച വീരമലക്കുന്ന റോഡ് ടൂറിസം വികസനത്തിന് ഉതകുന്ന വിധത്തില്‍ നിര്‍മിക്കുന്നതിനായി 499 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കാസര്‍ഗോഡ് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.