വാഹനാപകടങ്ങള്‍ ഒഴിവാക്കാൻ നടപടികള്‍ വേണം: ജില്ലാ വികസനസമിതി
1485689
Monday, December 9, 2024 7:24 AM IST
കാസർഗോഡ്: പ്രവൃത്തി നടക്കുന്ന ദേശീയപാതയിൽ വാഹനാപകടങ്ങളുണ്ടാകുന്നത് തടയാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് ജില്ലാ വികസനസമിതി യോഗത്തില്‍ ആവശ്യം. ഇ. ചന്ദ്രശേഖരന് എംഎല്‍എയാണ് വിഷയം ഉന്നയിച്ചത്.
അശാസ്ത്രീയമായ ഹമ്പുകള്‍ ഒഴിവാക്കുന്നതിനും വാഹനങ്ങളില്‍ നിയമപ്രകാരമല്ലാതെ ലൈറ്റുകള്‍ സജ്ജീകരിക്കുന്നത് പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിനോട് കളക്ടര്‍ നിര്‍ദേശിച്ചു. വാഹനങ്ങളുടെ അമിതവേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് സബ് കളക്ടറുടെ നേതൃത്വത്തില്‍ മോട്ടോര്‍വാഹന വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പരിശോധനകൾ നടത്തും. ഇക്കാര്യത്തിൽ മോട്ടോര്‍വാഹന വകുപ്പ് സ്പെഷ്യല്‍ ഡ്രൈവ് നടത്തുന്നുണ്ടെന്ന് ആര്‍ടിഒ അറിയിച്ചു. ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയ ലൈറ്റുകൾ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ലഭ്യമാക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ചെമ്മട്ടംവയല്‍-തയ്യല്വീട് റോഡ്, ക്രൈസ്റ്റ് സ്കൂള്‍ - പൈരടുക്കം അങ്കണവാടി റോഡ് എന്നിവ ഗതാഗതയോഗ്യമാക്കുന്നതും ഐങ്ങോത്ത് മേൽപ്പാലം സ്ഥാപിക്കുന്നതും പരിശോധിച്ച് തീരുമാനമെടുക്കുന്നതിന് ലാൻഡ് അക്വിസിഷൻ ഡെപ്യൂട്ടി കളക്ടര്‍ക്ക് നിര്‍ദേശം നല്കി.
നദികളുടെയും കൈവഴികളുടയും തീരങ്ങളിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ സര്‍വേ വകുപ്പിന് നിര്‍ദേശം നല്കി.
അജാനൂർ പഞ്ചായത്തിലെ മൂലക്കണ്ടം അംബേദ്കര്‍ നഗറിൽ എംഎല്‍എ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ സ്ഥാപിച്ച കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രവും തയ്യല്‍ യൂണിറ്റും 12 വർഷമായിട്ടും പ്രവര്‍ത്തനസജ്ജമാകാത്ത പ്രശ്നവും ഇ. ചന്ദ്രശേഖരന് എംഎല്‍എ യോഗത്തിൽ ഉന്നയിച്ചു.
ദേശീയപാതയില്‍ നിന്നും പൊളിച്ച് മാറ്റിയ ലൈറ്റുകള്‍ പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും വഹിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് എ.കെ.എം. അഷ്റഫ് എംഎൽഎ ആവശ്യപ്പെട്ടു.
ദേശീയപാതയില്‍ സ്ഥാപിക്കുന്നതിനുള്ള ബസ് സ്റ്റോപ്പുകളുടെ വിശദാംശങ്ങളും താത്കാലിക ലൊക്കേഷനുകളും നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ തയാറാക്കി ആര്‍ടിഒയുടെ പരിശോധന പൂര്‍ത്തീകരിച്ച് സബ് കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. ഇത് അതതിടങ്ങളിലെ എംഎല്‍എമാര്‍ കൂടി പരിശോധിച്ച് അന്തിമരൂപം നൽകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഷേണി-പെര്‍ദണ, എള്ളുകുമരി- ഷേണി, ബോല്‍ക്കട്ട-ചിപ്പാര്‍ റോഡുകളുടെ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ടവർക്ക് നിര്‍ദേശം നല്കി.
സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയില്‍ നിയമനം നടത്തണമെന്ന് എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ജല്‍ജീവന്‍ മിഷന്, അമൃത് കുടിവെള്ള പദ്ധതികളുടെ ഭാഗമായി വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും കുത്തിപ്പൊളിച്ച റോഡുകള്‍ നന്നാക്കണമെന്ന് ജല അഥോറിറ്റി എക്സിക്യുട്ടീവ് എൻജിനീയർക്ക് യോഗം നിർദേശം നൽകി.
ഉദയഗിരി വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലിന്റെ അറ്റകുറ്റപണികള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എഡിഎമ്മിന്റെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ തീരുമാനിച്ചു.
കാസർഗോഡ് നായക്സ് റോഡിലെ കുഴികളടച്ച് റോഡ് അറ്റകുറ്റപണി നടത്തുന്നതിന് നഗരസഭ സെക്രട്ടറിയോട് നിര്‍ദേശിച്ചു.
വെള്ളച്ചാല്‍ എംആര്‍എസിന് മെച്ചപ്പെട്ട മൈതാനമൊരുക്കുന്നതിനുള്ള നടപടി സ്വീകരിക്കമെന്നും കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ വേണെമെന്നും എം. രാജഗോപാലന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവിലുള്ള മൈതാനം അപകടകരമായ നിലയിലാണെന്നും ഇവിടെനിന്ന് മണ്ണ് നീക്കം ചെയ്യുന്നതോടൊപ്പം നവീകരണ സാധ്യത കൂടി പരിശോധിക്കണമെന്നും എംഎല്‍എ നിർദേശിച്ചു. സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ ജിയോളജിസ്റ്റിന് കളക്ടര്‍ നിര്‍ദേശം നല്കി. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാൻ പട്ടികജാതി വികസന വകുപ്പിന് നിര്‍ദേശം നല്കി.
ലഹരി ഉല്പന്നങ്ങളുടെ വിൽപ്പന തടയുന്നതിന് പരിശോധനയ്ക്കെത്തുന്ന എക്സൈസ് ഉദ്യോഗസ്ഥരെ ലഹരിമാഫിയ സംഘം കൈയേറ്റം ചെയ്യുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ എക്സൈസ്-പോലീസ് സംയുക്ത പരിശോധന ആവശ്യമാണെന്ന് എം. രാജഗോപാലന്‍ എംഎല്‍എ നിര്‍ദേശിച്ചു.
കോട്ടപ്പുറത്ത് ഭാഗികമായി പൊളിഞ്ഞുകിടക്കുന്ന പഴയ നടപ്പാലം അപകടാവസ്ഥയിലാണെന്നും ഇത് പൂര്‍ണമായും പൊളിച്ചുനീക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എം. രാജഗോപാലന്‍ എംഎല്‍എ പറഞ്ഞു. ചെറുവത്തൂര്‍ മിനി സിവില്‍ സ്റ്റേഷനായുള്ള ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ജലജീവന്‍ മിഷന് പദ്ധതിയുടെ ഭാഗമായി ചീമേനി പള്ളിപ്പാറയില്‍ നിര്‍മ്മിക്കേണ്ട ട്രീറ്റ്മന്റ് പ്ലാന്റിന്റെയും കിണറിന്റെയും നിര്‍മാണം ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയോര ഹൈവേയുടെ കോളിച്ചാല്‍-ചെറുപുഴ റീച്ചിലെ വനമേഖലയിലെ നിര്‍മാണപ്രവൃത്തികളുടെ പുരോഗതി യോഗം വിലയിരുത്തി.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്, കാസര്‍ഗോഡ് നഗരസഭാധ്യക്ഷന്‍ അബ്ബാസ് ബീഗം, സബ് കളക്ടര്‍ പ്രതീക് ജെയിന്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി. രാജേഷ് എന്നിവരും വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥരും പങ്കെടുത്തു.