കാലിപ്പള്ളത്തും പുലി; കാൽപ്പാടുകൾ കണ്ടെത്തി, നായയെ കാണാതായി
1485414
Sunday, December 8, 2024 6:57 AM IST
മുള്ളേരിയ: എരിഞ്ഞിപ്പുഴ കാലിപ്പള്ളത്ത് പുലിയിറങ്ങി. ഇവിടെ പുലിയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. ഈ ഭാഗത്ത് സ്ഥിരമായി കാണാറുള്ള നായയെ കൂടി കാണാതായതോടെ പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ ഉറപ്പിച്ചു.
നായയെ വലിച്ചിഴിച്ച് കൊണ്ടുപോയതിന്റെ പാടും പുലിയുടെ കാല്‍പ്പാടുകളും കണ്ടതോടെ നാട്ടുകാര്‍ ഭീതിയിലാണ്. നേരത്തെ പുലിയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ കൂട് സ്ഥാപിച്ചിരുന്നു. ഈ കൂട് മാറ്റി അടുക്കത്തൊട്ടിയില്‍ സ്ഥാപിച്ചിരിക്കുകയാണ്. അതിനിടെയാണ് വെള്ളിയാഴ്ച രാവിലെ ഇരിയണ്ണിയില്‍ പുലിയെ വീണ്ടും കണ്ടത്. ഇതോടെ ഇരിയണ്ണിയില്‍ നിന്ന് കൂട് മാറ്റിയതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ശക്തമായി. ഈ ഭാഗത്ത് കാമറ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മുളിയാര്‍ പഞ്ചായത്തിലെ പല റോഡുകളും കടന്നുപോകുന്നത് സംരക്ഷിത വനമേഖലയിലൂടെയാണ്. രാവിലെ റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്നവരും ജോലിക്ക് പോകുന്നവരും വിദ്യാർഥികളുമടക്കം ഈ റോഡുകളിലൂടെ നടന്നുപോകുന്നുണ്ട്. പുലിയുടെ സാന്നിധ്യം ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് ഭീഷണിയാവുകയാണ്. വന്യമൃഗഭീഷണിയില്‍ നിന്നും ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് കാറഡുക്ക പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ ഡിഎഫ്ഒക്ക് പരാതി നല്കി.
പുലിഭീതി അകറ്റാന്‍
നടപടി വേണം: ബിജെപി
കാസര്‍ഗോഡ്: ജില്ലയിലെ മലയോര മേഖലയിലെ പുലിഭീതി അകറ്റാന്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ. ശ്രീകാന്ത് ആവശ്യപ്പെട്ടു. പുലിശല്യം റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങളുടെ ഭീതി തടയാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ഭീതി തുടരാന്‍ കാണം സർക്കാരിന്റെയും വനവകുപ്പിന്റെയും തികഞ്ഞ അലംഭാവമാണ്.
പുലി ഭീതിയുള്ള പ്രദേശങ്ങളില്‍ പദയാത്രയും ഇരുചക്ര വാഹനങ്ങളുടെ യാത്രയും നിരോധിച്ച ഇടങ്ങളില്‍ ജനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പ്രത്യേക സംവിധാനം വനം വകുപ്പും സര്‍ക്കാരും ഏര്‍പ്പെടുത്തണം.
പുലി ഉള്‍പ്പെടെയുള്ള വന്യമൃഗശല്യം തടയാന്‍ ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കണം. ജനങ്ങളുടെ ഭീതി അകറ്റി ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.