പുലിയംകുളം-കാളിയാനം റോഡിൽ അപകടക്കെണി
1485687
Monday, December 9, 2024 7:24 AM IST
പരപ്പ: പുലിയംകുളം - കാളിയാനം കോളനി - കരിയാംകൊടൽ റോഡിൽ അപകടക്കെണി. ജൽജീവൻ പദ്ധതിയിൽ കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കഴിഞ്ഞദിവസം റോഡിനോടു ചേർന്ന് ചാലു കീറിയിരുന്നു. മിക്ക ഭാഗങ്ങളും മണ്ണിട്ട് മൂടിയെങ്കിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ഇതിലേറെയും ഇടിഞ്ഞുതാഴ്ന്നതോടെ റോഡ് അപകടഭീഷണിയിലായി. കരിയംകൊടൽ, കാളിയാനം പ്രദേശങ്ങളിൽനിന്ന് പരപ്പയിലെത്താനുള്ള എളുപ്പമാർഗമാണ് ഈ റോഡ്. കരിയാംകൊടൽ ഭാഗത്ത് റോഡിലെ ടാറിംഗും ഏറെക്കുറെ തകർന്ന നിലയിലാണ്. ചാലുകീറിയ ഭാഗം മെറ്റലിട്ടുറപ്പിച്ച് റീടാറിംഗ് നടത്തി റോഡിന്റെ ബലക്ഷയം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.