കുടുംബാരോഗ്യകേന്ദ്രത്തിലെ താത്കാലിക ഡോക്ടർമാരുടെയും ജീവനക്കാരുടെയും വേതനം മുടങ്ങി
1485139
Saturday, December 7, 2024 6:05 AM IST
പാണത്തൂർ: പനത്തടി പഞ്ചായത്തിനു കീഴിലുള്ള പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ താത്കാലിക ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും നാലുമാസമായി വേതനം മുടങ്ങി.
പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി താത്കാലിക നിയമനം നല്കിയ രണ്ട് ഡോക്ടർമാർ, നഴ്സ്, ലാബ് ടെക്നീഷ്യൻ, ശുചീകരണ ജീവനക്കാർ എന്നിവർക്കാണ് വേതനം മുടങ്ങിയത്. സംസ്ഥാന സർക്കാരിൽനിന്ന് തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കാനുള്ള പദ്ധതിവിഹിതത്തിന്റെ രണ്ടാം ഗഡു മുടങ്ങിയതാണ് കാരണമെന്നാണ് സൂചന. സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ ക്ഷാമത്തിനിടെ ജോലി ചെയ്യാൻ തയ്യാറുള്ളവരുടെ വേതനം മുടങ്ങുന്നത് വീണ്ടും തിരിച്ചടിയാവുകയാണ്.
ഡോക്ടർമാർക്കും മറ്റു ജീവനക്കാർക്കും അടിയന്തരമായി വേതനം നൽകുന്നതിനാവശ്യമായ നടപടികൾ ഉണ്ടായില്ലെങ്കിൽ കാസർഗോഡ് തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ ഓഫീസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തുമെന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളായ കെ.ജെ. ജയിംസ്, രാധ സുകുമാരൻ, എൻ. വിൻസെന്റ് എന്നിവർ അറിയിച്ചു.
കർഷകർക്ക് ലഭിക്കാനുള്ള വളം സബ്സിഡിയും അടിയന്തരമായി വിതരണം ചെയ്യണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.