വെള്ളരിക്കുണ്ട് കുടുംബാരോഗ്യകേന്ദ്രത്തിന്റെ ഒപി ബ്ലോക്ക് ഉദ്ഘാടനം 14ന്
1486421
Thursday, December 12, 2024 3:32 AM IST
വെള്ളരിക്കുണ്ട്: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം പുതിയ ഒപി ബ്ലോക്കിന്റെ ഉദ്ഘാടനം 14നു രാവിലെ 10നു മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. ഒബ്സെർവഷൻ റൂം ഉദ്ഘാടനം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും ലാബ് ഉദ്ഘാടനം എം. രാജഗോപാലൻ എംഎൽഎയും ഫാർമസി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണനും നിർവഹിക്കും. ഇ. ചന്ദ്രശേഖരൻ എം എൽഎ അധ്യക്ഷത വഹിക്കും.
1969ൽ റൂറൽ ഡിസ്പെൻസറി ആയി പ്രവർത്തനം ആരംഭിച്ച് 2009ൽ പ്രാഥമികാരോഗ്യകേന്ദ്രമായി ഉയർത്തി. 1986ൽ ഐപി ഉദ്ഘാടനം ചെയ്തു. പട്ടികജാതി പട്ടികവർഗ വിഭാഗക്കാർ കൂടുതലായും താമസിക്കുന്ന ബളാൽ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ആശുപത്രിയിൽ പ്രതിദിനം 200 ഓളം രോഗികൾ ഒപിയിൽ ചികിത്സ തേടുന്നു.
12 ബെഡോടുകൂടിയ ഐപിയും പ്രവർത്തിക്കുന്നു. വെള്ളരിക്കുണ്ട് പ്രാഥമി കാരോഗ്യകേന്ദ്രം 2021 ൽ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തി. വെളളരിക്കുണ്ട് താലൂക്ക് ആസ്ഥാനമായതിനാൽ ബളാൽ, വെസ്റ്റ് എളേരി, ഈസ്റ്റ് എളേരി, കിനാനൂർ -കരിന്തളം, കോടോം-ബേളൂർ എന്നീ പ്രദേശത്തെ ജനങ്ങൾക്ക് എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ആശുപത്രിയാണ് വെളളരിക്കുണ്ട് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം. ഒപി സമയം വൈകുന്നേരം ആറു വരെ ആയിട്ടുണ്ട്. ട്രൈബൽ വികസന ഫണ്ടിൽ നിന്നും 2018-2019 സാമ്പത്തിക വർഷത്തിൽ അനുവദിച്ച രണ്ടു കോടി രൂപയുടെ പുതിയ കെട്ടിടം പ്രവർത്തനം ആരംഭിക്കുന്നതോടെ മികച്ച സേവനം നൽകുന്നതിന് സാധിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി, വൈസ് പ്രസിഡന്റ് കെ. ഭൂപേഷ്, എ. പത്മകുമാരി, മെഡിക്കൽ ഓഫീസർ ഡോ. ഷിനിൽ, കെ.പി. ഷിനോജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.